Sorry, you need to enable JavaScript to visit this website.

അലീഗഢ് സര്‍വകലാശാല സ്ഥാപിച്ചത് ആരാണ്; കേന്ദ്രത്തെ ഓര്‍മിപ്പിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി-അലീഗഢ് മുസ്‌ലിം സര്‍വകലാശാലക്ക് രൂപം നല്‍കിയത് ഇന്ത്യന്‍ മുസ്‌ലിംകളാണെന്ന ചരിത്ര വസ്തുത 1981 ല്‍ നിയമഭേദഗതി കൊണ്ടുവന്നപ്പോള്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കാര്യമാണെന്ന് ഓര്‍മിപ്പിച്ച് സുപ്രീംകോടതി. നിയമഭേദഗതി പാര്‍ലമെന്റില്‍ കൊണ്ടുവന്നപ്പോള്‍ കേന്ദ്രമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അലീഗഢിന്റെ ന്യൂനപക്ഷ പദവി കേസില്‍ വാദം കേള്‍ക്കുന്ന ഏഴംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ 1981ല്‍ കൊണ്ടുവന്ന അലീഗഢ് നിയമ ഭേദഗതി നിലനില്‍ക്കുവോളം കേന്ദ്ര സര്‍ക്കാറിന് അതിനെതിരെ സംസാരിക്കാനാവില്ലെന്ന് ഇതേ കേസില്‍ നേരത്തെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് ന്യൂനപക്ഷം 1950ന് ശേഷമുണ്ടായതല്ലെന്നും ന്യൂനപക്ഷത്തെ നിര്‍ണയിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന ഉണ്ടാകുന്നതിന് മുമ്പുള്ള സാഹചര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അലീഗഢ് സര്‍വകലാശാല ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കുന്നതിന് മുമ്പുള്ള സര്‍വകലാശാല ആയതിനാല്‍ ന്യൂനപക്ഷ പദവി നല്‍കാനാവില്ലെന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയുടെ വാദം തള്ളിയാണ് ഈ നിരീക്ഷണം.


സെലിബ്രിറ്റികളില്‍ പലരും പോയത് അയോധ്യയിലേക്ക്, നടി തമന്നയുടേത് വേറിട്ട സന്ദര്‍ശനം


ഭരണഘടനയുടെ 30ാം അനുഛേദം ന്യൂനപക്ഷം എന്ന് പറയുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന ഉണ്ടാകുന്നതിന് മുമ്പുള്ള സാമൂഹികവും ചരിത്രപരവുമായ സ്ഥിതി കൂടി പരിഗണിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
സംവരണമില്ലാതെ തന്നെ അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ 70-80 ശതമാനം വിദ്യാര്‍ഥികളും മുസ്‌ലിംകളായിരുന്നുവെന്നും ഇത് അതീവഗുരുതരമായ പ്രതിഭാസമാണെന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. മുസ്‌ലിംകള്‍ക്ക് 50 ശതമാനം സംവരണം നല്‍കിയാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണമുണ്ടാകില്ല. ഇത് സാമൂഹിക നീതിക്കെതിരാണെന്നും ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനം ദേശീയ ഘടനയെ പ്രതിഫലിപ്പിക്കണമെന്നും കേന്ദ്ര സര്‍വകലാശാലകളും ഐ.ഐ.ടികളും അങ്ങിനെയാണെന്നും മേത്ത വാദിച്ചു. ഇതിനുള്ള രേഖകള്‍ സമര്‍പ്പിക്കണമെന്ന ബെഞ്ചിന്റെ ആവശ്യം അദ്ദേഹം അംഗീകരിച്ചു.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സൂര്യകാന്ത്, ജെ.ബി പാര്‍ദീവാല, ദീപാങ്കര്‍ ദത്ത, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ കൂടി അടങ്ങുന്ന ബെഞ്ച് മുമ്പാകെയാണ് വാദം നടക്കുന്നത്. ബുധനാഴ്ചയും വാദം തുടരും.

 

Latest News