ഛത്തീസ്ഗഢില്‍ നക്‌സലുകളുടെ വെടിയേറ്റ് മൂന്ന് സി.ആര്‍.പി.എഫ് ഭടന്മാര്‍ കൊല്ലപ്പെട്ടു

ബിജാപൂര്‍, ഛത്തീസ്ഗഢ്-  ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ നക്‌സലുകളുമായുള്ള വെടിവെപ്പില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലെ (സി.ആര്‍.പി.എഫ്) മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ബസ്തര്‍ റേഞ്ച്) പി. സുന്ദര്‍രാജ് പറയുന്നതനുസരിച്ച്, തെക്കല്‍ഗുഡെം ഗ്രാമത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് സംഭവം.

പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു റായ്പൂരില്‍ ചികിത്സയിലാണ്.  ബീജാപൂര്‍, സുക്മ ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കോബ്രയുടെ 201 ബറ്റാലിയനിലെയും സി.ആര്‍.പി.എഫിന്റെ 150 ബറ്റാലിയനിലെയും ഒരു സംഘം ഫോര്‍വേഡ് ഓപ്പറേറ്റിംഗ് ബേസ് (എഫ്.ഒ.ബി) സ്ഥാപിക്കുന്നതിനായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതിനിടെ ഉച്ചക്ക് 1 മണിയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്.

പ്രധാന നക്‌സല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ സേനയെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു വിദൂര ക്യാമ്പാണ് എഫ്.ഒ.ബി. സുക്മ-ബിജാപൂര്‍ അതിര്‍ത്തിയില്‍ 2021ല്‍ ഛത്തീസ്ഗഡില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

Latest News