Sorry, you need to enable JavaScript to visit this website.

സമസ്തയുടെ തകർച്ച സ്വപ്‌നം കാണുന്നവർ നിരാശരാകും - അൻവർ സാദിഖ് ഫൈസി

കോഴിക്കോട് - സമസ്തയിലെ ചില വിവാദങ്ങളിൽ പ്രസ്ഥാനം തകരുമെന്ന് സ്വപ്‌നം കാണുന്നവർ നിരാശപ്പെടേണ്ടി വരുമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവും സംഘടനയുടെ മുഖപത്രമായ സത്യധാരയുടെ എഡിറ്ററുമായ അൻവർ സാദിഖ് ഫൈസി താനൂർ.
 ഖുർആൻ പരിഭാഷ വിവാദം മുന്നിർത്തി സമസ്തയിൽ മുമ്പ് വലിയ ഒച്ചപ്പാടുകളുണ്ടായിട്ടുണ്ട്. നേതാക്കൾക്കിടയിൽ പോലും പരസ്യമായ ഏറ്റുമുട്ടലുകളുണ്ടായി. സംഘടന ഇപ്പോൾ നടുകെ പിളരുമെന്ന് അന്നു പലരും മനക്കോട്ട കെട്ടിയെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും ചരിത്രമതാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. 
 വിവാദങ്ങളും പ്രശ്‌നങ്ങളും വരും, പോകും. അതെല്ലാം കണ്ട് ആരെങ്കിലും സമസ്തയുടെ തളർച്ചയോ തകർച്ചയോ സ്വപ്‌നം കാണുന്നുവെങ്കിൽ അവർ നിരാശപ്പെടേണ്ടി വരുമെന്ന് ഉറപ്പാണെന്നും 'ദിവാസ്വപ്‌നം കാണുന്ന മൗലാനമാർ' എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിൽ അൻവർ സാദിഖ് ഫൈസി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ദിവാസ്വപ്‌നം കാണുന്ന മൗലാനമാർ
ദക്ഷിണേന്ത്യയിലെ മുസ്‌ലിം മുഖ്യധാരയെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയത്തുൽ ഉലമാ. പണ്ഡിതന്മാരും ബഹുജനങ്ങളുമെല്ലാം അണിനിരക്കുന്ന, നിരവധി കീഴ്ഘടകങ്ങളുള്ള സംഘമാണത്. കേഡർ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സംവിധാനമല്ല. അതുകൊണ്ടു തന്നെ സമസ്തയുമായി ബന്ധപ്പെട്ട് പലപ്പോഴും വിവാദങ്ങളുണ്ടായിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. വീക്ഷണ വൈജാത്യങ്ങളുണ്ടായിട്ടുണ്ട്. അതിനെയെല്ലാം അഭിമുഖീകരിച്ചുകൊണ്ടുതന്നെയാണ് സമസ്ത ഒരു നൂറ്റാണ്ട് പൂർത്തീകരിക്കുന്നത്.

ആർക്കും എന്തും ഫേക്ക് അക്കൗണ്ട് ഉപയോഗിച്ചും അല്ലാതെയും എഴുതിവിടാവുന്ന സോഷ്യൽ മീഡിയാ കാലത്ത്, ആവേശം മൂത്ത ചില പ്രവർത്തകർ ചേരിതിരിഞ്ഞു പലതും പറയുന്നുണ്ടാകാം. അതിന്റെയൊക്കെ ഉത്തരവാദിത്വം സമസ്തക്കാണ്. സമസ്തയുടെ നേതൃത്വത്തിന്റെ കഴിവുകേടാണിത് എന്നൊക്കെയാണ് ചില മൗലാനമാരുടെ വിമർശം. കേഡർ സ്വഭാവം സൂക്ഷിക്കാത്ത ഏതൊരു ജനകീയ സംവിധാനത്തിനകത്തും നടക്കുന്നതേ സമസ്തയിലും നടന്നിട്ടുള്ളൂ. നടക്കുന്നുള്ളൂ. അവ നിയന്ത്രിക്കപ്പെടേണ്ടത് തന്നെയാണ്.

പക്ഷേ, ഈ സോഷ്യൽ മീഡിയയൊന്നും ഇല്ലാത്ത കാലത്തും സമസ്തയിൽ വിവാദങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് ഇത്തരം മൗലാനമാർ ഓർക്കുന്നത് നല്ലതാണ്. മർഹൂം സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ 1957ൽ ജുമുഅ: ഖുത്വുബ പരിഭാഷയുമായി ബന്ധപ്പെട്ട് അൽബയാനിൽ എഴുതിയ ഫത്‌വയാണ് സമസ്തയിൽ ഉണ്ടായ ആദ്യത്തെ ശ്രദ്ധേയ വിവാദം. സ്വദഖ ഉസ്താദിന്റെ ഫത്‌വക്കെതിരെ കൊടിയത്തൂർ ഖാളി അബ്ദുൽഅസീസ് മുസ്‌ലിയാർ രംഗത്തുവന്നു. അയാൾ പുസ്തകമെഴുതി. അതിനെതിരിൽ ശംസുൽ ഉലമാ ഇ.കെ ഉസ്താദിന്റെ പുസ്തകം വന്നു. അതിൽ സ്വദഖത്തുല്ല മുസ്‌ലിയാരുടെ അവതാരികയും. അങ്ങനെ സമസ്തക്കെതിരെ കൊടിയത്തൂർ ഖാളി, ജംഇയത്തെ ഉലമാഇ സുന്നിയ്യ എന്ന പേരിൽ സമാന്തര സംഘടന വരെ ഉണ്ടാക്കി പ്രവർത്തിച്ചു. ഇത് സ്വദഖ ഉസ്താദ് ഉൾപ്പെടെയുള്ളവരുടെ കഴിവുകേടാണ് എന്ന് പുതിയ മൗലാനമാർ പറയുമോ?

1966ൽ, സ്വദഖത്തുല്ല മുസ്‌ലിയാർ പ്രസിഡണ്ടായിരിക്കെയാണ്, സമസ്ത നേതൃത്വം ശരിയല്ലെന്നു പറഞ്ഞു, ചിലർ അഖില കേരള ജംഇയ്യത്തുൽ ഉലമയുമായി ഇറങ്ങി തിരിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യന്മാർ പോലും അതിലുണ്ടായിരുന്നു. സ്വദഖ ഉസ്താദിനു നേതൃപാടവം കുറഞ്ഞതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് സമസ്തക്കാരായ ആരും ഇന്നോളം പറഞ്ഞിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ ചില ശിഷ്യന്മാർ ആ വഴിയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്.

ഖുർആൻ പരിഭാഷ വിവാദം മുന്നിർത്തി സമസ്തയിൽ വലിയ ഒച്ചപ്പാടുണ്ടായിട്ടുണ്ട്. നേതാക്കൾക്കിടയിൽ പോലും പരസ്യമായ ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ട്. സംഘടന ഇപ്പോൾ നടുകെ പിളരുമെന്ന് അന്നും പലരും മനക്കോട്ട കെട്ടിയിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ചരിത്രമതാണ്.
വിവാദങ്ങളും പ്രശ്‌നങ്ങളും വരും. പോകും. അതെല്ലാം കണ്ടു, ആരെങ്കിലും സമസ്തയുടെ തളർച്ചയോ തകർച്ചയോ സ്വപ്‌നം കാണുന്നു വെങ്കിൽ അവർ നിരാശപ്പെടേണ്ടി വരും; ഉറപ്പ്.
Anwar Sadiq faizy Tanur

Latest News