Sorry, you need to enable JavaScript to visit this website.

ഹറമുകളില്‍ വെച്ച് ഇനി വിവാഹം നടത്താം; പദ്ധതിയുമായി സൗദി ഹജ്ജ് മന്ത്രാലയം

റിയാദ്- മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെച്ച് വിവാഹം നടത്താമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. രണ്ടാഴ്ച മുമ്പ് സംഘടിപ്പിച്ച ഹജ് ഉംറ കോണ്‍ഫറന്‍സിലാണ് ഇരു ഹറമുകളിലും വിവാഹം നടത്തുന്നതടക്കമുള്ള ഏതാനും നൂതന ആശയങ്ങള്‍ മന്ത്രാലയം അവതരിപ്പിച്ചത്. പുണ്യസ്ഥലങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും നവ്യാനുഭവങ്ങള്‍ സമ്മാനിക്കുമെന്നും കമ്പനികള്‍ക്കും സംരംഭകര്‍ക്കും പുതിയ നിക്ഷേപാവസരമാണെന്നും നിരീക്ഷകര്‍ പറയുന്നു.
ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുകയും അവര്‍ക്ക് മികച്ച സേവനം നല്‍കുകയും ചെയ്യുന്നതിന്റെ ഭാഗമായി പുതിയ ആശയങ്ങള്‍ നടപ്പാക്കിവരികയാണെന്ന് മക്ക ചേംബര്‍ ഓഫ് കോമേഴ്‌സിലെ ഹജ്ജ് ഉംറ സമിതി ചെയര്‍മാന്‍ അബ്ദുല്ല അല്‍ഖാദി പറഞ്ഞു.
മദീന നിവാസികള്‍ സാധാരണയായി മസ്ജിദുന്നബവിയിലും മസ്ജിദുല്‍ ഖുബായിലും വിവാഹം സംഘടിപ്പിക്കാറുണ്ടെന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥനായ മുസാഇദ് അല്‍ജാബിരി പറഞ്ഞു. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ ചടങ്ങിന് സാക്ഷിയാകും. മദീനയിലെ ചില കുടുംബങ്ങള്‍ പരമ്പരാഗതമായി വിവാഹചടങ്ങുകള്‍ മസ്ജിദുന്നബവിയിലും മസ്ജിദുല്‍ ഖുബായിലും നടത്തിവരുന്നുണ്ട്. നൂറ്റാണ്ടുകളായി അവര്‍ ഇങ്ങനെ ചെയ്തുവരുന്നു. എന്നാല്‍ ഇരു ഹറമുകളിലും വിവാഹ ചടങ്ങിനെത്തുന്നവര്‍ സ്ഥലത്തിന്റെ പവിത്രത മാനിച്ച് ആര്‍ഭാടങ്ങളോ ശബ്ദഘോഷങ്ങളോ നടത്തരുത്. ഖഹ്‌വയും മധുരങ്ങളും ജ്യുസുകളും വിതരണം ചെയ്യരുത്. അദ്ദേഹം പറഞ്ഞു.
മദീനയില്‍ വിവാഹം സംഘടിപ്പിക്കുന്നതിന് വിദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ ഇപ്പോഴും എത്തുന്നുണ്ട്. കഴിഞ്ഞ മാസം റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് കായംകുളം തന്റെ മകള്‍ മുഹ്‌സിനയുടെ വിവാഹം ഇവിടെ വെച്ചാണ് നടത്തിയത്. ആര്‍ഭാടമില്ലാതെ പൂര്‍ണമായും ഇസ്ലാമിക ചിട്ടയോടെ വിവാഹം നടത്താനാകുമെന്നതാണ് ഹറമുകളിലെ വിവാഹത്തിന്റെ പ്രത്യേകതയെന്നും അതാണ് പുണ്യസ്ഥലം തെരഞ്ഞെടുക്കാന്‍ കാരണമെന്നും മുജീബ് പറഞ്ഞു. ഉംറ വിസ വളരെ വേഗം ലഭിക്കുമെന്നതിനാല്‍ ആര്‍ക്കും എപ്പോഴും മദീനയിലും മക്കയിലുമെത്താം.
വിവാഹം സംഘടിപ്പിക്കുന്നതിന് പുറമെ ടൂര്‍ ഗൈഡ്, താത്കാലികമായി കുട്ടികളെ സംരക്ഷിക്കല്‍, സുവനീര്‍ ഷോപ്പുകള്‍, ചരിത്ര, വിനോദ യാത്രകള്‍ സംഘടിപ്പിക്കല്‍, വീല്‍ചെയര്‍ സര്‍വീസ്, മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍, മക്കയിലെയും മദീനയിലെയും തദ്ദേശീയരുടെ ആതിഥേയത്വം, മക്കയിലും മദീനയിലും ചിത്രീകരണം എന്നിവയും ഹജ്ജ് ഉംറ മന്ത്രാലയം സംരംഭകത്വത്തിന് മുന്നോട്ടുവെച്ച അവസരങ്ങളാണ്.

Latest News