Sorry, you need to enable JavaScript to visit this website.

ശ്മശാനത്തിലും രക്ഷയില്ല! 'ആത്മാവ് വിറയ്ക്കുന്നു'; എങ്ങനെ ധൈര്യം വരുന്നെന്ന് ഫലസ്തീനി സ്ത്രീ 

ഗാസ - ഇനിയും അവസാനിക്കാത്ത ഇസ്രായിൽ കൂട്ടക്കുരുതിക്കിടെ നോവുന്ന അനുഭവങ്ങൾ പങ്കുവെച്ച് ഫലസ്തീനികൾ.
'എന്റെ ഹൃദയം നിലയ്ക്കുമെന്ന് തോന്നിയെന്നും ആത്മാവ് വിറയ്ക്കുകയാണെന്നും' സൈദ എന്ന ഫലസ്തീനി സ്ത്രീ പറഞ്ഞു. എന്റെ പിതാവിനെയും വല്യുമ്മയെയും മറ്റ് ബന്ധുക്കളെയും വടക്കൻ ഗാസയിലാണ് അടക്കം ചെയ്തത്. എന്നാലിപ്പോൾ അവരുടെ ആത്മാവ് വിറയ്ക്കുന്നതായി എനിക്ക് തോന്നുന്നു. ശവക്കുഴി മാന്തിപ്പൊളിക്കാനും മൃതദേഹത്തിന്റെ വിശുദ്ധിയും പവിത്രതയും ലംഘിക്കാനും ഇവർ എങ്ങനെ ധൈര്യപ്പെടുന്നുവെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലുമാവുന്നില്ലെന്ന് ഇസ്രായിലിന്റെ ബുൾഡോസർ സൈനിക നടപടികളോടായി അവർ പ്രതികരിച്ചു.
 'എന്റെ മകൾ എന്റെ കൈകളിൽ വച്ചാണ് ജീവശ്വാസം നിലച്ചത്. ഞങ്ങൾ രാവും പകലും കാത്തിരുന്നു, അവളെ എമർജൻസി റൂമിലേക്ക് അയയ്ക്കാൻ കഴിഞ്ഞില്ലെന്ന് പേര് വെളിപ്പെടുത്താതെ, സെൻട്രൽ മഗാസി അഭയാർത്ഥി ക്യാമ്പിലെ ഒരു സ്‌കൂളിലെ അഭയകേന്ദ്രത്തിലെ മണലിൽ അടക്കം ചെയ്ത മണ്ണിൽ സ്പർശിച്ച് ഒരു സ്ത്രീ പറഞ്ഞു. 
 അമ്പതിലധികം പേരെ ഇവിടെ അടക്കം ചെയ്തതായി മറ്റൊരു വ്യക്തി പറഞ്ഞു. ഓരോ ശവക്കുഴിയിലും മൂന്നോ നാലോ മൃതദേഹങ്ങളുണ്ട്. അവരുടെ പേരുകൾ ഇഷ്ടികകളിലോ അടുത്തുള്ള ഭിത്തിയിലോ എഴുതിയിട്ടുണ്ട്. ഇങ്ങനെ എത്രയോ സങ്കടക്കാഴ്ചകളാണ് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.
 ഗാസയിലെ അൽശിഫ ഹോസ്പിറ്റലിന്റെ ഗ്രൗണ്ടിലും എത്രയോ മൃതദേഹങ്ങൾ അടക്കം ചെയ്തിട്ടുണ്ട്. അവിടെ ആളുകൾ കല്ലുകളും ചെടികളുടെ കമ്പുകളും മറ്റും ഉപയോഗിച്ച് ഖബറുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ശ്മശാനത്തിൽ പോലും രക്ഷയില്ലാത്ത സ്ഥിതിയാണ്. ഞങ്ങൾ അവിടെ പോയാൽ ഇസ്രായിൽ സൈന്യം ഞങ്ങളെ ബോംബെറിഞ്ഞ് മരിച്ചേക്കുമെന്ന് ആശുപത്രി കോമ്പൗണ്ടിലെ ഒരു കൂടാരത്തിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന 46-കാരനായ അർഫാൻ ദാദർ പറഞ്ഞു. ഗാസ സിറ്റിയിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ 22 വയസ്സുള്ള മകനെ ഇസ്രായിൽ സൈന്യം വെടിവച്ചു കൊന്നതായും ദാദർ പറഞ്ഞു. മകന്റെ ഖബറിടം ഞാൻ അടയാളപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ ആശുപത്രി പാർക്ക് കൂട്ട ശവക്കുഴികളാൽ തിങ്ങിനിറഞ്ഞിരിക്കുകയാണ്. മകന്റെ ശവക്കുഴി തിരിച്ചറിയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
 അതിനിടെ, യുദ്ധം അവസാനിച്ചാൽ മരിച്ചവരെ മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയും ഫലസ്തീനികൾ പങ്കുവെക്കുന്നു. തന്റെ മകനെ തെക്കൻ റഫയിലെ തിരക്കേറിയ സെമിത്തേരിയിൽ സംസ്‌കരിക്കുകയല്ലാതെ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ലെന്നും യുദ്ധം അവസാനിച്ചതിന് ശേഷം ഗാസയിലെ രക്തസാക്ഷി സെമിത്തേരിയിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നതായും അൽ ജസീറയുടെ ഗാസ ബ്യൂറോ ചീഫ് വെയ്ൽ ദഹ്ദൂഹ് പറഞ്ഞു.

Latest News