മോഡി സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് സ്റ്റാലിന്‍

ചെന്നൈ- എം. കരുണാനിധിയുടെ പിന്‍ഗാമിയായി ഡി.എം.കെ അധ്യക്ഷ പദവി ഏറ്റെടുത്ത മകന്‍ എം.കെ സ്റ്റാലിന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്ത്. എല്ലാത്തിനും മതത്തിന്റെ നിറം നല്‍കുന്നവരെ എതിര്‍ക്കുമെന്നും മോദി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്നും പുതിയ പാര്‍ട്ടി അധ്യക്ഷന്‍ പ്രഖ്യാപിച്ചു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വലിയൊരു വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം, കല, സാഹിത്യം, മതം തുടങ്ങി എല്ലാ മേഖലകളിലും വര്‍ഗീയ ശക്തികളുടെ കടന്നാക്രമണം നടക്കുന്നു. നീതിന്യായ വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതെല്ലാം മതേതര തത്വങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ബി.ജെ.പി ഭരണത്തില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങല്‍ പോലും ചവിട്ടിമെതിക്കപ്പെടുകയാണ്- സ്റ്റാലിന്‍ പറഞ്ഞു. 

പാര്‍ട്ടി അധ്യക്ഷപദവി ഒരിക്കലും സ്വപ്‌നമായിരുന്നില്ല. ഇതൊരു വലിയ ഉത്തരവാദിത്തമാണ്. ഞാന്‍ നയിക്കുമെന്ന് ഞാന്‍ പറയില്ല. നമുക്ക് ഒന്നിച്ചു നയിക്കാം. തെറ്റായ നീക്കങ്ങള്‍ നമ്മില്‍ നിന്നുള്‍പ്പെടെ ആരില്‍ നിന്നുണ്ടായാലും നമുക്ക് ചോദ്യം ചെയ്യാം- സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ അഴിമതി സര്‍ക്കാരിനെ തൂത്തെറിയാന്‍ ഒന്നിക്കണമെന്നും പാര്‍ട്ടി അണികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
 

Latest News