കേരളത്തെ സഹായിക്കൂ, ജാമ്യം നല്‍കാം; പ്രതികളോട് ജാര്‍ഖണ്ഡ് ഹൈക്കോടതി

റാഞ്ചി- വിവിധ കേസുകളില്‍ പിടിയിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ ദിവസം അത്യപൂര്‍വ വിധിപറച്ചിലിനു സാക്ഷ്യം വഹിച്ചു. പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിച്ചാല്‍ ജാമ്യം അനുവദിക്കാമെന്നായിരുന്നു കോടതി വിധി. ജസ്റ്റിസ് എ.ബി സിങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പ്രതികളോട് ജാമ്യത്തിനുള്ള ഉപാധിയായി കേരള മുഖ്യമ്ന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കാന്‍ ഉത്തരവിട്ടത്. വഞ്ചനക്കേസില്‍ ഉള്‍പ്പെട്ട് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച ഉത്പല്‍ റായ് എന്നയാളോട് 7000 രൂപയും തട്ടിപ്പു കേസില്‍ പിടിയിലായി ജാമ്യം തേടി കോടതിയെ സമീപിച്ച പ്രതികളായ ധനേശ്വര്‍ മണ്ഡല്‍, ശംഭു മണ്ഡല്‍ എന്നിവരോട് 5,000 രൂപ വീതവും ദുരിതാശ്വാസ നിധിയിലടക്കാനാണ് ഉത്തരവിട്ടത്. ഇത് പ്രതികള്‍ അംഗീകരിച്ചതോടെ ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിന്റെ തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലേയും കര്‍ണാടകയിലേയും ഹൈക്കോടതികളും ചില കേസുകളില്‍ പിഴ കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കണമെന്ന് ഉത്തരവിട്ടിരുന്നുവെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഹേമന്ത് കുമാര്‍ സികര്‍വര്‍ പറഞ്ഞു.
 

Latest News