Sorry, you need to enable JavaScript to visit this website.

പൊതുപ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും വീടുകളില്‍ പരക്കെ റെയ്ഡ്; പ്രമുഖര്‍ അറസ്റ്റില്‍

പുനെ- മഹാരാഷ്ട്രയിലെ ഭീമ കൊറഗാവില്‍ ദളിതര്‍ക്കെതിരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ന് പുനെ പോലീസ് രാജ്യ വ്യാപകമായി സാംസ്‌കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും അഭിഭാഷകരുടേയും മാധ്യമപ്രവര്‍ത്തകരുടേയും  വീടുകളില്‍  ഒരേസമയം അപ്രതീക്ഷിതമായി പരക്കെ റെയ്ഡ് നടത്തി. പല പ്രമുഖരേയും അറസ്റ്റ് ചെയ്തു. ദളിത് സൈന്യം ബ്രിട്ടീഷുകാരെ തറപ്പറ്റിച്ച ഭീമ കൊറഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 2017 ഡിസംബര്‍ 31-നാണ് എല്‍ഗാര്‍ പരിഷത്ത് എന്ന പേരില്‍ ഭീമ കൊറഗാവില്‍ ദളിതര്‍ പരിപാടി സംഘടിപ്പിച്ചിരുന്നത്. സംഘപരിവാര്‍ സംഘടനകള്‍ ഈ പരിപാടിക്കു നേരെ ആക്രമണമഴിച്ചു വിടുകയും അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നായിരുന്നു പോലീസിന്റെ വാദം. ഇതുമായി ബന്ധപ്പെട്ടാണ് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ച് രാജ്യവ്യാപകമായി ബുദ്ധിജീവികളേയും എഴുത്തുകാരേയും സാംസ്‌കാരിക പ്രവര്‍ത്തകരേയും റെയ്ഡ് നടത്തി പിടികൂടിയിരിക്കുന്നത്.

മഹാരാഷ്ട്രയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരായ അരുണ്‍ ഫരേരിയ, വെര്‍നന്‍ ഗോണ്‍സല്‍വസ്, സൂസന്‍ എബ്രഹാം, ഹൈദരാബാദില്‍ നിന്ന് കവിയും എഴുത്തുകാരനുമായി വരാവര റാവു, ദല്‍ഹിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകനായ ഗൗതം നവ്‌ലാഖ, സുധ ഭരദ്വാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദളിത് ബുദ്ധിജീവി ആനന്ദ് തെല്‍തുംകെ, ക്രാന്തി തെകുല, സ്റ്റാന്‍ സ്വാമി എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ കലാപമുണ്ടാക്കല്‍, മതസ്പര്‍ധയുണ്ടാക്കല്‍, ്‌സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കല്‍ തുടങ്ങി ഗുരുതരമായ പലവകുപ്പുകളും ചുമത്തിയിട്ടുണ്ട്. 

മുംബൈ, ദല്‍ഹി, ഹൈദരാബാദ്, ഹരിയാന, റാഞ്ചി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നതെന്ന് പുനെ ജോയിന്റ് പോലീസ് കമ്മീഷണര്‍ ശിവാജി ബോഡ്‌കെ പറഞ്ഞു. ഭീമ കൊറഗാവില്‍ ദളിതര്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്തില്‍ പ്രകോപനപരമായി പ്രസംഗിച്ച് സംഘര്‍ഷം ഇളക്കിവിട്ടതിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് പോലീസ് പറയുന്നത്.

ജൂണില്‍ നടത്തിയ സമാന റെയ്ഡില്‍ പ്രൊഫസര്‍ ശോമ സെന്‍, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ സുധിര്‍ ധാവലെ, മനുഷ്യാവകാശ പ്രവര്‍ത്തകനും മലയാളിയുമായ റോണ വില്‍സണ്‍ കുടിയൊഴിപ്പിക്കല്‍ വിരുദ്ധ പ്രവര്‍ത്തകന്‍ മഹേഷ് റാവത്ത് എന്നിവരെ നാഗ്പൂര്‍, മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Latest News