ടെല്‍അവീവ് - നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവില്‍ ഇസ്രായില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ടെല്‍അവീവില്‍ നടന്ന യുദ്ധ വിരുദ്ധ റാലിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഗാസയിലെ ആക്രമണം അടിയന്തരമായി നിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഹമാസ് ബന്ദികളാക്കിയവരെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും അതിന്റെ പേരില്‍ ഗാസയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ദുരന്തം കാണാനാഗ്രഹിക്കുന്നില്ലെന്ന് റാലിയില്‍ പങ്കെടുത്ത അബിഗയ്ല്‍ അരന്‍ഹേം പറഞ്ഞു. എന്റെ ജനങ്ങളും എന്റെ സര്‍ക്കാരുമാണ് ആ ദുരിതത്തിന് കാരണക്കാര്‍. അവരെ തടയേണ്ടത് എന്റെ ഉത്തരവാദിത്തമാണ്, അതിന്റെ പേരിലാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത് -അവര്‍ പറഞ്ഞു.
സമാധാനം മാത്രമേ സുരക്ഷിതത്വം സൃഷ്ടിക്കൂ എന്ന് റാലിയില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം വിളിച്ചു. വംശഹത്യ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്തു വില കൊടുത്തും ബന്ദികളെ തിരിച്ചുകൊണ്ടുവരണെന്ന് ആവശ്യപ്പെട്ട് അവരുടെ ബന്ധുക്കളും ഗതാഗതം തടസ്സപ്പെടുത്തി. ഇസ്രായിലികളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കൊപ്പം ഫലസ്തീന്റെ അവകാശങ്ങള്‍ക്കും കൂടിയാണ് പോരാട്ടമെന്ന് സിന്‍ഡി കോഹന്‍ പറഞ്ഞു.
അതിനിടെ, ഹമാസ് പോരാളികളില്‍ നാലിലൊന്നിനെയും വധിച്ചതായി ഇസ്രായില്‍ അവകാശപ്പെട്ടു. ഏതാണ്ട് അത്രയും പേര്‍ക്ക് പരിക്കേറ്റുവെന്നും അവര്‍ പറഞ്ഞു.