കൊച്ചി- പ്രളയത്തിൽ പെട്ട് വീടുവിട്ടോടിപോന്നവർക്ക് തോണിയിലേറാൻ സ്വന്തം മുതുക് ചവിട്ടുപടിയാക്കി വെള്ളത്തിലമർന്നു കിടന്ന താനൂരിലെ കെ.പി ജൈസലിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നെഞ്ചോട് ചേർത്തുവെച്ചു. പ്രളയദുരന്തത്തിൽപെട്ടവരെ രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികൾക്ക് ഏർപ്പെടുത്തിയ സ്വീകരണത്തിലാണ് രാഹുൽ ജൈസലിനെ പുണർന്നത്. കെ.പി.സി.സിയുടെ ആദരവും രാഹുൽ ജൈസലിന് സമ്മാനിച്ചു.
കേരളത്തെ വിഴുങ്ങിയ പ്രളയക്കെടുതികൾക്കിടെയുള്ള രക്ഷാപ്രവർത്തനത്തിലാണ് ലോകത്തെ ഞെട്ടിച്ച ജൈസലിന്റെ പ്രവൃത്തി നടന്നത്. പ്രായം ചെന്ന സ്ത്രീകളടക്കമുള്ളവർക്ക് തോണിയിൽ കയറുന്നതിന് വേണ്ടി വെള്ളത്തിൽ കമിഴ്ന്നുകിടക്കുകയായിരുന്നു ജൈസൽ. ജൈസലിന്റെ മുതുകിൽ ചവിട്ടിയാണ് നിരവധി സ്ത്രീകൾ തോണിയിലേക്ക് കയറിയത്. ഇത് ലോകമാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു.