കടകംപള്ളിയെ കുത്തി മന്ത്രി റിയാസ്, ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ ഫിറ്റ് ചെയ്യാന്‍ പറ്റില്ല

തിരുവനന്തപുരം- തലസ്ഥാനത്തെ റോഡ് വികസനത്തെ വിമര്‍ശിച്ച മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ലെന്ന് റിയാസ് പറഞ്ഞു. കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും റിയാസ് വിമര്‍ശിച്ചു.

ആകാശത്ത് റോഡ് നിര്‍മ്മിച്ചിട്ട് താഴെ കൊണ്ടുപോയി ഫിറ്റ് ചെയ്യാന്‍ പറ്റില്ല. റോഡില്‍ തന്നെ നടത്തണം. എല്ലാം ഒരുമിച്ചു നടത്താതെ ചിലത് മാത്രം നടത്തി ചിലത് നടത്താതെ പോയാല്‍, അപ്പോള്‍ വരുന്ന ചര്‍ച്ച എന്തുകൊണ്ട് നടത്തുന്നില്ല, നടന്നുപോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ് പല റോഡുകളും എന്നാണ്. ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് പ്രവൃത്തി നടത്തുന്നു. ഇത് ചിലര്‍ക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്‌നം. ചില വിമര്‍ശനങ്ങള്‍ അനാവശ്യമായി ചില മാധ്യമങ്ങള്‍ ഉന്നയിക്കുന്നു. കരാറുകാരനെ പിരിച്ചുവിട്ടതില്‍ ചിലര്‍ക്ക് പൊള്ളിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചിലരുടെ ശരീരത്തിലുണ്ടായ പൊള്ളലിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അതിന്റെ പ്രയാസങ്ങള്‍ ഉണ്ട്, റിയാസ് പറഞ്ഞു.

വര്‍ഷങ്ങളായി തലസ്ഥാനത്തെ റോഡുകള്‍ പൊളിച്ചിട്ടിരിക്കുകയാണെന്നും വികസനപദ്ധതികളുടെ പേരില്‍ വര്‍ഷങ്ങളായി തലസ്ഥാനവാസികളെ തടവിലാക്കിയിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. ചില പദ്ധതികള്‍ തുടങ്ങി എവിടെയും എത്താത്ത സാഹചര്യമുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. മേയര്‍ ആര്യയെ മുന്നിലിരുത്തിയായിരുന്നു വിമര്‍ശം.

 

Latest News