Sorry, you need to enable JavaScript to visit this website.

മമ്മി, പപ്പ... ഞാന്‍ പോകുന്നു, എനിക്ക് ജെ.ഇ.ഇ കിട്ടില്ല.. കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥിനിയുടെ ആത്മഹത്യ

കോട്ട, രാജസ്ഥാന്‍- രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും പ്രവേശന പരീക്ഷ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. 18 കാരിയായ ജെ.ഇ.ഇ പരീക്ഷാര്‍ഥി നിഹാരികയാണ് ജീവനൊടുക്കിയത്. തനിക്ക് ജെ.ഇഇ ചെയ്യാന്‍ കഴിയില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ക്ക് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചിരുന്നു. പരീക്ഷക്ക് രണ്ട് ദിവസം മുമ്പാണ് കടുംകൈ.

പ്രവേശന പരീക്ഷ ഹബ് എന്നറിയപ്പെടുന്ന കോട്ടയില്‍ ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.

ജെ.ഇ.ഇ മെയിന്‍സിന് തയാറെടുക്കുകയായിരുന്ന യുവതി കോട്ടയിലെ ശിക്ഷാ നഗരി പ്രദേശത്തെ വീടിന്റെ മുറിയിലാണ് തൂങ്ങിമരിച്ചത്. ജനുവരി 31 നാണ് പരീക്ഷ.

പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ നിഹാരിക താന്‍ 'ഏറ്റവും മോശമായ മകള്‍' ആണെന്ന് പറയുകയും ഇത് തന്റെ അവസാന ഓപ്ഷന്‍ ആണെന്നു എഴുതുകയും ചെയ്തു.

'മമ്മിയും പപ്പയും അറിയാന്‍... എനിക്ക് ജെ.ഇ.ഇ ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുന്നു. ഞാന്‍ ഒരു തോല്‍വിയാണ്. ഞാനാണ് കാരണം. ഞാനാണ് ഏറ്റവും മോശം മകള്‍. ക്ഷമിക്കണം, മമ്മിയും പപ്പയും. ഇതാണ് അവസാന ഓപ്ഷന്‍ - കുറിപ്പില്‍ പറയുന്നു.

ജനുവരി 23 ന് കോട്ടയില്‍ സ്വകാര്യ കോച്ചിംഗ് വഴി നീറ്റിന് തയാറെടുക്കുകയായിരുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു.

മൊറാദാബാദില്‍നിന്നുള്ള മുഹമ്മദ് സായിദ് താമസിക്കുന്ന ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിരുന്നില്ല.

എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്കുള്ള കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്ക് പേരുകേട്ട കോട്ടയില്‍ 2023ല്‍ 29 വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കോച്ചിംഗ് സെന്ററുകളിലെ ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള അക്കാദമിക് അന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം വിജയം കാണുന്നില്ല.

 

 

Latest News