Sorry, you need to enable JavaScript to visit this website.

റിപ്പബ്ലിക് ദിനാഘോഷം: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിശിഷ്ടാതിഥികള്‍ക്ക് വിരുന്നൊരുക്കി

ജിദ്ദ കോണ്‍സുലേറ്റ് ആതിഥ്യമരുളിയ റിപ്പബ്ലിക് ദിന വിരുന്നില്‍ പങ്കെടുക്കാനെത്തിയ മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് താരിഖ് മിശ്ഖസ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, പത്‌നി ഡോ. ഷക്കീല ഖാത്തൂന്‍ എന്നിവരോടൊപ്പം.

ജിദ്ദ - 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാര്‍ക് ഹയാത് ഹോട്ടലില്‍ സൗദി പൗരപ്രമുഖര്‍ക്കും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍മാര്‍ക്കും ഇന്ത്യന്‍ സമൂഹത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കുമായി അത്താഴ വിരുന്ന് സംഘടിപ്പിച്ചു. സൗദി വിദേശ മന്ത്രാലയ മക്ക ശാഖ ഡയറക്ടര്‍ ജനറല്‍ മാസിന്‍ ബിന്‍ ഹമദ് അല്‍ ഹമാലി മുഖ്യാതിഥിയായിരുന്നു. മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് താരിഖ് മിശ്ഖസ് അടക്കമുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.

ഇന്ത്യ-സൗദി ബന്ധം മുന്‍പെന്നത്തേക്കാളും ശക്തമാണെന്നും തന്ത്രപരമായ പരസ്പര സഹകരണം ഏല്ലാ മേഖലകളിലേക്കും വ്യാപിച്ചു വരികയാണെന്നും അതിഥികളെ അഭിസംബോധന ചെയ്ത കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സൗദി സന്ദര്‍ശനത്തോടെയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉള്‍പ്പടെയുള്ള സൗദി അധികൃതരുടെ ഇന്ത്യ സന്ദര്‍ശനത്തോടെയും സൗദി-ഇന്ത്യ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതായി മാറുകയും അത് ഇരു രാജ്യങ്ങളുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വളര്‍ച്ചക്ക് അനുഗുണമായി മാറുകയും ചെയ്തിരിക്കുകയാണ്.
ഇന്ത്യ ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണിയാണ് ഇന്ത്യയുടേത്. സൗദിയുമായുള്ള ഇന്ത്യയുടെ സഹകരണം വാണിജ്യ, വ്യാവസായിക രംഗത്തു മാത്രമല്ല, സ്‌പേസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, മെഷിന്‍ ലേണിംഗ് തുടങ്ങിയ എല്ലാ രംഗത്തേക്കും വ്യാപിച്ചിരിക്കുകയാണ്. പുറമെ സിനിമ, സംഗീതം, ഡിജിറ്റല്‍ എന്റര്‍ടൈന്‍മെന്റ് തുടങ്ങി സാംസ്‌കാരിക വിനിമയ രംഗത്തും പരസ്പര സഹകരണം ഇന്നു ശക്തമാണ്. മുന്‍വര്‍ഷത്തെ ഹജ് വന്‍ വിജയമാക്കുന്നതിനും ഇന്ത്യയില്‍നിന്നുമെത്തിയ തീര്‍ഥാടകര്‍ക്ക് സുഗമമായി ഹജ് നിര്‍വഹിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കിയതിനും സൗദി അധികൃതരോട് കോണ്‍സല്‍ ജനറല്‍ നന്ദി അറിയിച്ചു. ഹജ് ക്വാട്ട മുന്‍ വര്‍ഷത്തിലേതു പോലെ ഈ വര്‍ഷവും നല്‍കിയതിനെയും മുഹമ്മദ് ഷാഹിദ് ആലം പ്രകീര്‍ത്തിച്ചു.


ഇന്ത്യയുടെ സാംസ്‌കാരിക തനിമ പ്രകടമാക്കി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ സദസ്യര്‍ക്ക് ഹൃദ്യമായ അനുഭൂതി പകര്‍ന്നു. കോണ്‍സല്‍ ജനറലിനും പത്‌നി ഡോ. ഷക്കീലക്കുമൊപ്പം വിശിഷ്ടാതിഥികളും വിവിധ രാജ്യങ്ങളുടെ കോണ്‍സല്‍ ജനറല്‍മാരും പത്മിമാരും ചേര്‍ന്ന് കേക്കു മുറിച്ച് ആഘോഷം മാധുര്യമുള്ളതാക്കി. ഹജ് ആന്റ് കൊമേഴ്‌സ് കേണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ പരിപാടി നിയന്ത്രിച്ചു. മറ്റു കോണ്‍സല്‍മാരും വൈസ് കോണ്‍സല്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ സംബന്ധിച്ചു.

 

Latest News