ലൈസന്‍സില്ലാതെ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച സൗദി പൗരന്‍ അറസ്റ്റില്‍

ദമാം - പരിസ്ഥിതി നിയമം ലംഘിച്ചും ലൈസന്‍സില്ലാതെയും വന്യമൃഗങ്ങളെ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത സൗദി പൗരനെ നാഷണല്‍ വൈല്‍ഡ് ലൈഫ് സെന്ററുമായി ഏകോപനം നടത്തി പരിസ്ഥിതി സുരക്ഷാ സേന കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നിയമ ലംഘകന്റെ കേന്ദ്രത്തില്‍ നാലു സിംഹങ്ങളെയും ആറു പാമ്പുകളെയും രണ്ടു മുതലകളെയും ഒരു മുള്ളന്‍പന്നിയെയും കണ്ടെത്തി. നിയമ ലംഘകനെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു.
ഇയാളുടെ താവളത്തില്‍ കണ്ടെത്തിയ വന്യമൃഗങ്ങളെയും മറ്റും നാഷണല്‍ വൈല്‍ഡ് ലൈഫ് സെന്ററിന് കൈമാറി. ചത്തതോ ജീവനുള്ളതോ ആയ, ഉറവിടമറിയാത്ത വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന് 10,000 റിയാല്‍ പിഴ ലഭിക്കും. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന് പത്തു വര്‍ഷം വരെ തടവും മൂന്നു കോടി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും പരിസ്ഥിതി സുരക്ഷാ സേന പറഞ്ഞു.

 

Latest News