വയനാട്ടില്‍ കൂടുതല്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യും

കല്‍പറ്റ-വയനാട്ടില്‍ കൂടുതല്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിനു നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ്. വയനാട് മുസ്‌ലിം ഓര്‍ഫനേജ് പ്രസിഡന്റ് സമര്‍പ്പിച്ച നിവേദനം പരിശോധിച്ചശേഷം കലക്ടറേറ്റില്‍ സിറ്റിംഗിനിടെയാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന് ഓര്‍ഫനേജിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം അനുവദിക്കണം. ജെ.ജെ ആക്ട് പ്രകാരം ഓര്‍ഫനേജുകളിലെ കുട്ടികള്‍ക്ക് അനുവദിക്കുന്ന ഗ്രാന്റില്‍ കാലാനുസൃത വര്‍ധനവ് ഉണ്ടാകണം. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ജെ.ജെ ആക്ടിന്റെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാപനത്തില്‍ പഠിക്കുന്നതിലും കോഴ്‌സ് തെരഞ്ഞെടുക്കുന്നതിലും ഉണ്ടാകുന്ന  ബുദ്ധിമുട്ട് പരിഹരിക്കാന്‍
സി.ഡബ്ല്യു.സിക്ക് നിര്‍ദേശം നല്‍കിയതായി കമ്മീഷന്‍ പറഞ്ഞു.
മാനസിക വൈകല്യമുള്ളതും മാനസിക ചികിത്സ അനിവാര്യവുമായ കുട്ടികളെ ഓര്‍ഫനേജുകളിലേക്ക് അലോട്ട് ചെയ്യുമ്പോള്‍ സ്ഥാപനത്തിലെ മറ്റു കുട്ടികളുടെ സ്വഭാവത്തെ പ്രതികൂലമായി  ബാധിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. 18 വയസ്സ് പൂര്‍ത്തിയായവരെ പുനരധിവസിപ്പിക്കുന്നതിന് നടപടി  ഉണ്ടാകണം.
ഓര്‍ഫനേജ് വളപ്പിലുള്ള ശിശുസംരക്ഷണകേന്ദ്രം ആധുനിക സംവിധാനങ്ങളോടെ മറ്റൊരു കേന്ദ്രത്തില്‍ പ്രവര്‍ത്തിപ്പിക്കണം.
ജാതി സെന്‍സസ് സര്‍ക്കാര്‍തലത്തില്‍ നയപരമായ തീരുമാനം എടുക്കേണ്ട വിഷയമാണെന്നു കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ കമ്മീഷനു ഇടപെടാമെന്നും അദ്ദേഹം  വ്യക്തമാക്കി.

 

 

Latest News