Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബീച്ച് വൃത്തിയാക്കാന്‍ ചൂലെടുത്ത് റഷ്യന്‍ സംഘം, നാണം കെട്ട് നഗരസഭാ,ടൂറിസം അധികാരികള്‍

കൊച്ചി-ഫോര്‍ട്ട് കൊച്ചി ബീച്ചിലെ മാലിന്യം നീക്കാന്‍ ചൂലെടുത്ത് ഇറങ്ങിയ റഷ്യന്‍ വനിതകളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഒരു ഡസനിലധികം വിദേശ പൗരന്മാരാണ് ബീച്ചില്‍ കഴിഞ്ഞ ദിവസം ശുചീകരണ യജ്ഞം നടത്തിയത്. നാട്ടുകാരില്‍ ചിലരും ഇവര്‍ക്ക് സഹായവുമായെത്തി.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം വകുപ്പ്, കൊച്ചി കോര്‍പ്പറേഷന്‍ കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി തുടങ്ങി വിവിധ ഏജന്‍സികള്‍ ടൂറിസം പ്രചാരണത്തിനായി അണിനിരക്കുമ്പോള്‍ ഫോര്‍ട്ട്‌കൊച്ചി ബീച്ച് വൃത്തിയാക്കാന്‍ വിദേശികളായ വിനോദസഞ്ചാരികളുടെ ഒരു സംഘം ഇറങ്ങേണ്ടിവന്നത് കൊച്ചിക്ക് നാണക്കേടായി. വിദേശികള്‍ ബീച്ച് വൃത്തിയാക്കാന്‍ ഒരുങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നിശബ്ദം കാഴ്ചക്കാരായി നിന്നു.
വിവിധ ക്ലബ്ബുകളും കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും ഇടക്കിടെ ഇത്തരത്തില്‍ ബീച്ച് വൃത്തിയാക്കാറുണ്ട്. എന്നാല്‍ വിദേശ പൗരന്മാര്‍ ഇത് ചെയ്യുമ്പോള്‍ അത് നാടിന് നാണക്കേടാണെന്ന് ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള മുന്‍ പ്രസിഡന്റ് സി പി അജിത് കുമാര്‍ പറഞ്ഞു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ അധികൃതര്‍ ഉറപ്പാക്കേണ്ടത് ശുചിത്വമാണ്. നമ്മുടെ തദ്ദേശ സ്ഥാപനം, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവ ഇതില്‍ ദയനീയമായി പരാജയപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബീച്ച് ശുചീകരിക്കാന്‍ ടൂറിസം വകുപ്പിനെയും ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് ഈ അവസ്ഥക്ക് കാരണമെന്ന് ഫോര്‍ട്ട്‌കൊച്ചി ഡിവിഷനിലെ കൗണ്‍സിലര്‍ ആന്റണി കുരീത്തറ ന്യായീകരിച്ചു. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കൊച്ചി കോര്‍പറേഷന്‍ ദീര്‍ഘകാല പദ്ധതി ആവിഷ്‌കരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ കുരീത്ര പറഞ്ഞു.
എന്നാല്‍ ബീച്ചുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്നും വേമ്പനാട് കായലിലും കടലിലും നിക്ഷേപിക്കുന്ന മാലിന്യങ്ങളെല്ലാം ഫോര്‍ട്ട് കൊച്ചി ബീച്ചിലാണ് നിക്ഷേപിക്കുന്നതെന്നും ഫോര്‍ട്ട് കൊച്ചിയില്‍ ഡിടിപിസി വിന്യസിച്ച 20 ജീവനക്കാര്‍ പ്രതിദിനം 35 ചാക്ക് പ്ലാസ്റ്റിക്ക് പ്രദേശത്ത് നിന്ന് ശേഖരിക്കുന്നുണ്ടെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ശാസ്ത്രീയ ഇടപെടല്‍ ആവശ്യമാണെന്നുമാണ് ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡയുടെ ന്യായീകരണം.
ജര്‍മന്‍ സ്വദേശിയായ റാല്‍ഫ് ഫോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഇതുപോലെ തുടര്‍ച്ചയായി ആറു ദിവസം ബീച്ച് വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയത് വാര്‍ത്തയായിരുന്നു.

 

Latest News