Sorry, you need to enable JavaScript to visit this website.

ഇനിയും മക്കളായില്ലേ; ബീജം കുറയുന്ന പ്രവാസികള്‍

ജിദ്ദ- കുട്ടികളില്ലാത്ത ദുഃഖം പേറുന്നവരും അതിനായുള്ള ചികിത്സ തുടരുന്നവരും പ്രവാസികളില്‍ ധാരാളമാണ്. പരിശോധനകളില്‍ കൗണ്ട് കുറവാണെന്ന് കണ്ടെത്തുകയും അവധിക്കുപോയാല്‍ കൂടുതല്‍ മാസങ്ങള്‍ ഭാര്യയോടൊപ്പം താമസിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്. മക്കളില്ലാത്തതു കാരണം തകരുന്ന ദാമ്പത്യങ്ങളും കുറവല്ല. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ജീവിതത്തിലെ സന്തോഷം തിരിച്ചുപിടിക്കാനും കഷ്ടപ്പെട്ടാണെങ്കിലും കുടുംബത്തെ ഇവിടെ കൊണ്ടുവന്ന് നിര്‍ത്തുന്ന സാദാ പ്രവാസികളും നമുക്കിടയിലുണ്ട്.

കുട്ടികളുണ്ടാകാനുള്ള കഴിവില്ലായ്മ ദാമ്പത്യം തകരുന്നതിലേക്ക് നയിക്കാവുന്ന  പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നുവെന്ന് ഫാമിലി കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കുന്നു. ഗര്‍ഭധാരണം വൈകുകയോ കുട്ടികള്‍ ഉണ്ടാകാതിരിക്കുകയോ ചെയ്യുമ്പോള്‍ സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുന്നതാണ് കലഹങ്ങളിലേക്കും വേര്‍പിരിയലിലേക്കും നയിക്കുന്നത്.
ബീജങ്ങളുടെ എണ്ണം കുറവായിരിക്കുമ്പോള്‍ ഗര്‍ഭധാരണം വൈകുന്നതിന് പുരുഷന്മാര്‍ക്ക് തുല്യ ഉത്തരവാദിത്തമുണ്ടെന്ന് മെഡിക്കല്‍ സയന്‍സ് നേരത്തെ തന്നെ വെളിപ്പെടുത്തിയ കാര്യമാണ്. ആഗോളതലത്തില്‍ ബീജങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നവെന്നാണ് ഗവേഷകര്‍ പുതുതായി കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ 46 വര്‍ഷത്തിനിടെ ബീജങ്ങളുടെ എണ്ണം 50 ശതമാനം കുറഞ്ഞുവെന്ന് കണക്കാക്കുന്നു. ഞെട്ടിക്കുന്ന ഈ പ്രവണത ഹ്യൂമന്‍ റീപ്രോഡക് ഷന്‍ ജേണല്‍ അപ്‌ഡേറ്റിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 1973 മുതല്‍ 2018 വരെ കൗണ്ടില്‍ 62.3 ശതമാനം കുറഞ്ഞുവെന്നാണ് ഈ പഠനം കാണിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

1972ല്‍ ബീജം കുറയുന്നതിന്റെ തോത് 1.2 ശതമാനമായിരുന്നത് 2000ല്‍ 2.6 ശതമാനമായി വര്‍ധിച്ചുവെന്നും ഗവേഷണം വ്യക്തമാക്കുന്നു. അന്തരീക്ഷത്തിലെ കെമിക്കലുകളുടെ വര്‍ധന മുതല്‍ ജീവിത ശൈലിവരെ പലവിധ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബീജത്തിന്റെ ഒരു സാമ്പിളില്‍ ഉള്ള ശരാശരി ബീജങ്ങളുടെ എണ്ണത്തെയാണ് ബീജങ്ങളുടെ കൗണ്ട് അല്ലെങ്കില്‍ മൊത്തം ബീജങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത്. വിശകലന സമയത്ത് വിലയിരുത്തപ്പെടുന്ന ശുക്ലത്തിന്റെ നിരവധി ഗുണങ്ങളില്‍ ഒന്നാണ് ബീജങ്ങളുടെ എണ്ണം. പ്രത്യുല്‍പാദനത്തിന് ഇത് പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി, ആരോഗ്യകരമായ ബീജങ്ങളുടെ എണ്ണം ഒരു മില്ലിലിറ്ററിന് 15 ദശലക്ഷം അല്ലെങ്കില്‍ ഒരു സാമ്പിളിന് കുറഞ്ഞത് 39 ദശലക്ഷം എന്നാണ്. ഒരു മില്ലി ലിറ്ററില്‍ 10 ദശലക്ഷത്തില്‍ താഴെയുള്ള ബീജങ്ങളുടെ എണ്ണം അസാധാരണമായും പുരുഷ വന്ധ്യതയുമായും ബന്ധപ്പെട്ടിരിക്കുന്നു.

കുറഞ്ഞ ബീജം ഇപ്പോള്‍ ചികിത്സിക്കാവുന്നതാണ്. ചില പ്രകൃതിദത്ത ഭക്ഷണങ്ങളും ജീവിതശൈലിയില്‍ വരുത്തുന്ന് പരിഷ്‌കാരങ്ങളും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാണെന്നും കണ്ടെത്തിയിട്ടുണ്ട്.  
പ്രവാസികളുടെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ മതിയായ കൗണ്ടില്ല എന്ന പ്രശ്‌നം പരിഹരിക്കാന്‍ സഹായകമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.  
ഇനിയും മക്കളായില്ലേ എന്ന ചോദ്യം നാട്ടിലും മറുനാട്ടിലും ആളുകളെ കുഴയ്ക്കുന്നതാണങ്കിലും പ്രശ്‌നങ്ങള്‍ മനസ്സിലാക്കി യഥാര്‍ഥ ചികിത്സ നേടുകയാണ് പ്രധാനം. ദാമ്പത്യ, ലൈംഗിക പ്രശ്‌നങ്ങള്‍ ചൂഷണം ചെയ്യാന്‍ ധാരാളം പേര്‍ വല വീശുന്നുണ്ട്. ബീജക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ കൃത്യമായ മരുന്നുകളും ജീവിതശൈലിയില്‍ ആവശ്യമായ മാറ്റങ്ങളും നിര്‍ദേശിക്കുമെന്ന കാര്യം വിസ്മരിക്കരുത്. പ്രവാസ ജീവിതം തെരഞ്ഞെടുത്ത് വരുമാനം കൂടിയെങ്കിലും ബീജം കൂടൂന്നില്ല എന്ന സങ്കടം മറ്റൊരു മാനസിക സമ്മര്‍ദത്തിന് ഇടവരുത്തരുത്. പരിസ്ഥിതയിലടക്കം വന്നിരിക്കുന്ന മാറ്റങ്ങള്‍ ഇതൊരു ആഗോള പ്രവണതയാക്കി മാറ്റിയിട്ടുണ്ടെന്ന കാര്യം ഓര്‍മയിലുണ്ടാവട്ടെ.
പ്രവാസ ജീവിതത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം
1. വ്യായാമവും ഉറക്കവും
അമിതവണ്ണവുമുള്ളവര്‍ ശരീരഭാരം കുറക്കുന്നതും വ്യായാമം ചെയ്യുന്നതും ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉദാസീനരും പൊണ്ണത്തടിയുള്ളവരുമായ പുരുഷന്മാരില്‍ ബീജത്തിന്റെ അളവു കുറയും. ആരോഗ്യകരമായ ബോഡി മാസ് ഇന്‍ഡക്‌സിനെ (ബിഎംഐ) ബീജസംഖ്യയുമായി ബന്ധിപ്പിക്കുന്ന കൃത്യമായ പഠനം ഇല്ലെങ്കിലും ശരിയായ ഉറക്കവും വ്യായാമവും വളരെ പ്രധാനമാണ്. കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്നും മിതമായ വ്യായാമം ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തണം.

2. സമ്മര്‍ദ്ദം കുറക്കുക
ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കും. ഏത് തരത്തിലുള്ള സമ്മര്‍ദ്ദവും ശരീരത്തെ പ്രതിരോധത്തിലേക്ക് നീങ്ങാനും ഊര്‍ജം സംരക്ഷിക്കാനും പ്രേരിപ്പിക്കും. അങ്ങനെയുള്ള സമയത്ത് ശരീരം പ്രത്യുല്‍പാദനത്തിലല്ല മറിച്ച് അതിജീവിക്കുന്നതിലായിരിക്കും കൂടുതല്‍ കേന്ദ്രീകരിക്കുക.
വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ കാര്യങ്ങള്‍ സമ്മര്‍ദ്ദത്തിന്റെ ഫലങ്ങള്‍ കുറക്കുമെങ്കിലും യഥാര്‍ഥ കാരണം കണ്ടെത്തി സമ്മര്‍ദ്ദം കുറക്കുന്നതിലും ശ്രദ്ധിക്കണം. കഠിനമായ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പുരുഷന്മാര്‍ക്ക്,  ഡോക്ടര്‍മാര്‍ ആന്റ് ആന്‍ക്‌സൈറ്റി, ആന്റി ഡിപ്രസന്റ് മരുന്നുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്.
3. പുകവലി നിര്‍ത്തുക
ഏകദേശം 6,000 പേര്‍ പങ്കെടുത്ത 20ലധികം വ്യത്യസ്ത ഗവേഷണങ്ങളുടെ ഫലങ്ങള്‍ അവലോകനം ചെയ്ത പഠനത്തില്‍ പുകവലി സ്ഥിരമായി ബീജങ്ങളുടെ എണ്ണം കുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
4. മദ്യപാനവും മയക്കുമരുന്നും ഒഴിവാക്കുക.
ചില ഗവേഷകര്‍ മദ്യവും  മയക്കുമരുന്നുകളുടെ ഉപയോഗവും ബീജ ഉല്‍പാദനം കുറയുന്നതുമായി ആഗോളതലത്തില്‍ ബന്ധപ്പെടുത്തിയിട്ടുണ്ട്.
5. മരുന്നുകള്‍ കുറക്കുക
ചില മരുന്നുകള്‍ ബീജത്തിന്റെ ആരോഗ്യകരമായ ഉല്‍പാദനം കുറക്കും. എന്തിനും ഏതിനും മരുന്നുകളെ ആശ്രയിക്കുന്നത് ഒഴിവാക്കണം. ഒരാള്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തിയാല്‍ ബീജങ്ങളുടെ എണ്ണം സാധാരണ നിലയിലേക്ക് മടങ്ങുകയോ വര്‍ധിക്കുകയോ ചെയ്യും.  
ചില ആന്റിബയോട്ടിക്കുകള്‍, ആന്റിആന്‍ഡ്രോജന്‍, ആന്റിഇന്‍ഫ്‌ലമേറ്ററികള്‍, ആന്റി സൈക്കോട്ടിക്‌സ്, കോര്‍ട്ടികോസ്റ്റീറോയിഡുകള്‍, അനാബോളിക് സ്റ്റിറോയിഡുകള്‍ തുടങ്ങിയവ ബീജത്തിന്റെ ഉല്‍പാദനവും വികാസവും കുറക്കുന്ന മരുന്നുകളില്‍ ഉള്‍പ്പെടുന്നു.
6. ആവശ്യത്തിന് വിറ്റാമിന്‍ ഡിയും കാത്സ്യവും
വിറ്റാമിന്‍ ഡിയും കാത്സ്യവും  ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി കാണപ്പെടുന്നുണ്ട്. ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി കുറവ് ബീജങ്ങളുടെ എണ്ണം കുറക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു.

 

 

 

Latest News