Sorry, you need to enable JavaScript to visit this website.

യുവതിയുടെ ആത്മഹത്യ ജാതി അധിക്ഷേപം കാരണമെന്ന് ബന്ധുക്കള്‍; അമ്മയെ നിര്‍ബന്ധിപ്പിച്ച് ഗുളിക കഴിപ്പിച്ചെന്ന് മകന്‍

കണ്ണൂര്‍-ബാങ്ക് ജീവനക്കാരി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം കൊലപാതകമാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. എസ്ബിഐ ജീവനക്കാരിയും പഴയങ്ങാടി അടുത്തില സ്വദേശിയുമായ ദിവ്യയുടെ മരണം ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന പരാതിയുമായാണ് ബന്ധുക്കള്‍ രംഗത്തു വന്നത്.
ഭര്‍ത്താവ് ഉണ്ണികൃഷ്ണനും ഭര്‍തൃമാതാവും മകളെ ജാതി അധിക്ഷേപം നടത്തി നിരന്തരം പീഡിപ്പിച്ചു എന്നാണ് ദിവ്യയുടെ അച്ഛന്‍ പഴയങ്ങാടി പൊലീസില്‍  നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവ ദിവസം രാത്രി അമ്മയെ നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിച്ചിരുന്നതായും ഛര്‍ദ്ദിച്ചപ്പോള്‍ വീണ്ടും കഴിപ്പിച്ചതായും പത്തുവയസ്സുകാരനായ മകന്‍ പറഞ്ഞു.
                2023 ഏപ്രില്‍ 17നാണ് ദിവ്യയും ഉണ്ണികൃഷ്ണനും വിവാഹിതരാകുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഒമ്പത് മാസത്തിന് ശേഷം 2024 ജനുവരി 25നാണ് ദിവ്യയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവ ദിവസം രാത്രി ഉണ്ണികൃഷ്ണന്റെ വീട്ടില്‍ നടന്ന കാര്യങ്ങളാണ് ദിവ്യയുടെ മകന്‍ വെളിപ്പെടുത്തിയത്. അച്ഛന്‍ അമ്മയെ നിര്‍ബന്ധിപ്പിച്ച് മരുന്ന് കഴിപ്പിച്ചു.
മരുന്ന് കഴിച്ചപ്പോള്‍ അമ്മ ഛര്‍ദ്ദിക്കുകയുണ്ടായി. പിന്നാലെ വീണ്ടും അമ്മയെകൊണ്ട് മരുന്ന് കഴിപ്പിച്ചു. അമ്മ പലപ്പോഴും രാത്രി ഉറങ്ങാറില്ല. കരയാറുണ്ടെന്നും ദിവ്യയുടെ മകന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
       താഴ്ന്ന ജാതിയില്‍പ്പെട്ടയാളായതുകൊണ്ട് ദിവ്യ ഉണ്ടാക്കിയ ഭക്ഷണം പോലും ഭര്‍തൃമാതാവ് കഴിച്ചിരുന്നില്ലെന്നും കടുത്ത ജാതി അധിക്ഷേപം മകള്‍ ഭര്‍തൃവീട്ടില്‍ അനുഭവിക്കേണ്ടി വന്നതായും ദിവ്യയുടെ  അച്ഛന്‍ പരാതിയില്‍ പറഞ്ഞു. ദിവ്യയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ദിവ്യയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.


 

 

Latest News