Sorry, you need to enable JavaScript to visit this website.

ഡൽഹി എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ച; ചുറ്റുമതിൽ ചാടിക്കടന്ന് യുവാവ് റൺവേയിൽ, പോലീസിന്‌ സസ്‌പെൻഷൻ

ന്യൂഡൽഹി - ഡൽഹി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ചാടിക്കടന്ന് യുവാവ് റൺവേയിൽ പ്രവേശിച്ചു. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഹെഡ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു.
 ഹരിയാന സ്വദേശിയായ യുവാവാണ് പിടിയിലായത്. 'ഹൈപ്പർ സെൻസിറ്റീവ്' സിവിൽ ഏവിയേഷൻ ഫെസിലിറ്റിയിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അർധസൈനിക സേന അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. 
  എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് അതിക്രമിച്ചു കടയാളെ റൺവേയിൽ ആദ്യം കണ്ടത്. പിന്നാലെ എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്) ഉടനെ ഇയാളെ പിടികൂടുകയായിരുന്നു. പിടിയിലായ യുവാവ് മദ്യലഹരിയിലാണ് അകത്തു കടന്നതെന്നാണ് പറയുന്നത്. ഇയാൾ ഡൽഹി പോലീസിന്റെ കസ്റ്റഡിയിലാണിപ്പോൾ. രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച അതീവ ജാഗ്രതാ നിർദേശം തുടരുന്നതിനിടെയാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം.

Latest News