ഇന്ത്യാ സഖ്യത്തിന്റെ ഭാവിയെ തന്നെ സംശയാസ്പദമാക്കുന്ന സംഭവവികാസങ്ങളിൽ സഖ്യത്തിലെ കോൺഗ്രസടക്കമുള്ള പല പാർട്ടികൾക്കും പങ്കുണ്ട്. നിതീഷിനെ ചെയർമാനാക്കിയില്ലെങ്കിലും കൺവീനർ ആയെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. നിതീഷിനെ പോലെ പ്രധാനമന്ത്രിസ്ഥാനം മോഹിക്കുന്ന മമതയുടേയും അരവിന്ദ് കെജ്‌രിവാളിന്റേയും പല നയങ്ങളും സഖ്യത്തെ തകർക്കുന്നവ തന്നെയാണ്. കോൺഗ്രസാകട്ടെ ഇക്കഴിഞ്ഞ നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സഖ്യത്തിലെ കക്ഷികൾക്ക് യാതൊരു പരിഗണനയും നൽകിയില്ല. അതിനു പകരം വീട്ടുകയാണ് പല പാർട്ടികളും ഇപ്പോൾ ചെയ്യുന്നത്.
ഒരിക്കൽ കൂടി ഇന്ത്യൻ ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ രക്ഷകരായി ബിഹാറും അവിടെനിന്നുള്ള സോഷ്യലിസ്റ്റുകളും എത്തുമെന്നു കരുതിയവർ പൂർണമായും നിരാശരായിരിക്കുകയാണ്. ഈ വർഷത്തെ തെരഞ്ഞെടുപ്പോടെ തങ്ങളുടെ ലക്ഷ്യത്തിന്റെ പ്രധാന ഘട്ടം പൂർത്തിയാകുമെന്നു കരുതിയ സംഘപരിവാറിനു പേടിസ്വപ്‌നമായി മാറിയ ഇന്ത്യാ സഖ്യം രൂപീകൃതമായത് ബിഹാറിൽ നിന്നാണ്. നിതീഷ് കുമാറായിരുന്നു മുപ്പതോളം പാർട്ടികളെ ഒന്നിപ്പിച്ച് അത്തരമൊരു സഖ്യത്തിനു നേതൃത്വം നൽകിയത്. എന്നാലിപ്പോഴിതാ അദ്ദേഹം തന്നെ അതിനു മരണമൊഴി ചൊല്ലുന്നു. ജനാധിപത്യത്തെ ഒറ്റുന്ന യൂദാസാകുന്നു. കാരണം ഒന്നുമാത്രം. അഥവാ ഭൂരിപക്ഷം നേടിയാലും പ്രധാനമന്ത്രിസ്ഥാനം തനിക്കു ലഭിക്കില്ലെന്ന തോന്നൽ. കൈയിലുള്ള മുഖ്യമന്ത്രി സ്ഥാനമെങ്കിലും നിലനിർത്താനുള്ള അധികാരമോഹം.
ബിഹാറിനെ പറ്റി ഏതാനും വാക്കുകൾ പറയാതെ മുന്നോട്ടു പോാുക ബുദ്ധിമുട്ടാണ്. ബുദ്ധന്റെ നാടാണ് ബിഹാർ. ബുദ്ധഗയയുടേയും അശോക ചക്രവർത്തിയുടേയും നളന്ദയുടേയും മഗധയുടേയും പാടലീപുത്രത്തിന്റേയും നാട്. ജനപഥത്തിലൂടെ പ്രാദേശിക ജനാധിപത്യ റിപ്പബ്ലിക്കുകൾക്കു രൂപംനൽകിയ നാട്. സ്വാതന്ത്ര്യാനന്തരം ഇന്ദിരാഗാന്ധിയുടെ സ്വേഛാധിപത്യത്തിനെതിരെ ജനാധിപത്യത്തിനുവേണ്ടി പടപൊരുതിയ ജയപ്രകാശ് നാരായണന്റെ നാട്. അദ്ദേഹം സമ്പൂർണ വിപ്ലവത്തിനു തുടക്കം കുറിച്ച നാട്. ഒരു ഘട്ടത്തിൽ ഗാന്ധി ചെയ്തപോലെ മറ്റൊരു സ്വാതന്ത്ര്യ സമരം നയിച്ച ശേഷം അധികാരത്തിൽ നിന്നു മാറിനിന്ന ജെപിയുടെ നാട്. മണ്ഡൽ രാഷ്ട്രീയം ഏറ്റവും ശക്തമാകുകയും അവസാനം ജാതി സെൻസസിലെത്തുക.യും ചെയ്ത നാട്. സോഷ്യലിസ്റ്റ് - പിന്നോക്ക രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിൽ. രാഷ്ട്രീയ നേട്ടത്തിനായിട്ടാണെങ്കിലും ഇപ്പോൾ കേന്ദ്രം ഭാരതരത്‌നം സമ്മാനിച്ച, രാജ്യത്തെ ആദ്യ ദളിത് മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന്റെ നാട്. അദ്വാനിയുടെ രഥയാത്രയെ തടുക്കാൻ ധൈര്യം കാണിച്ച, വർഷങ്ങൾ ജയിലിൽ കിടന്നിട്ടും ഫാസിസത്തിനു മുന്നിൽ തല കുനിക്കാത്ത, മാവോയിസ്റ്റുകളെ ജനാധിപത്യത്തിലേക്കു കൊണ്ടുവന്ന ലാലുപ്രസാദ് യാദവിന്റെ നാട്. സ്വാഭാവികമായു അവിടെനിന്നു തന്നെ മൂന്നാം സ്വാതന്ത്ര്യ സമരമെന്നു വിശേഷിപ്പിക്കാവുന്ന 2024 ലെ തെരഞ്ഞെടുപ്പിലെ പോരാട്ട വേദി എന്ന നിലയിൽ ഇന്ത്യാ സഖ്യം രൂപം കൊണ്ടു. എന്നാൽ ജനാധിപത്യ - മതേതരവാദികളുടെ എല്ലാ പ്രതീക്ഷകളേയുമാണ് നിതീഷ് തകർത്തിരിക്കുന്നത്.
അടിയന്തരാവസ്ഥ കാലത്ത് ജയപ്രകാശ് നാരായണൻ വിവിധ സോഷ്യലിസ്റ്റ് പാർട്ടികളേയും ജനസംഘത്തേയും മറ്റും ലയിപ്പിച്ചാണ് ജനതാപാർട്ടി രൂപീകരിച്ചതും ഇന്ദിരാഗാന്ധിയെ തൂത്തെറിയുകയും ചെയ്തതെങ്കിൽ നിതീഷ് കുമാർ നേതൃത്വം നൽകിയത് വിവിധ പാർട്ടികളുടെ സഖ്യം രൂപീകരിക്കാനായിരുന്നു. എന്നാൽ വിജയിച്ചിട്ടും പ്രധാനമന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച ജെപിയിൽ നിന്നു വ്യത്യസ്തനായി തെരഞ്ഞെടുപ്പിനു മുന്നെ പ്രധാനമന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയില്ലെന്നു തിരിച്ചറിഞ്ഞ്, ആർക്കെതിരെ മുന്നണിയുണ്ടാക്കിയോ അവരുടെ കൂടാരത്തിൽ തന്നെ ചേക്കേറിയിരിക്കുകയാണ് നിതീഷ് കുമാർ. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ജീർണതയുടെ മുഖമാണിത് വ്യക്തമാക്കുന്നത്. ഇന്ത്യാസഖ്യത്തിന്റെ ചെയർമാനാകുകയാണെങ്കിലേ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള എന്തെങ്കിലും സാധ്യതയുള്ളൂ എന്നു നിതീഷ് തിരിച്ചറിഞ്ഞിരുന്നു. ആ പദവിയിലേക്ക് പക്ഷേ തെരഞ്ഞെടുക്കപ്പെട്ടത് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ആയിരുന്നു. അതായിരുന്നു ഇപ്പോഴത്തെ സംഭവങ്ങൾക്ക് പ്രധാന കാരണമായത്. മാത്രമല്ല, മഹാസഖ്യത്തിലെ മുൻധാരണയനുരിച്ച് ഇനിയുള്ള കാലം മുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിനു വിട്ടുകൊടുക്കേണ്ടതുമുണ്ട്. അതൊഴിവാക്കാനാണ് ഈ നീക്കം. എന്തു വൃത്തികേടു ചെയ്തും ജനാധിപത്യത്തെ എങ്ങനെ കുരുതി കൊടുത്തും രാജ്യത്തെ കൈപ്പിടിയിലൊതുക്കാനുള്ള മോഡി - അമിത് ഷാ ടീമിന്റെ കുതന്ത്രങ്ങളാണ് ഇതിനുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത്.
ഒരു കാലത്ത് മോഡിയുടെ വിമർശകൻ കൂടിയായിരുന്നു നിതീഷ്. 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവിന്റെ തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും 2015-ൽ പാർട്ടി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷിൽ തന്നെ വിശ്വാസമർപ്പിച്ചു. തുടർന്ന് നാലാം തവണയും മുഖ്യമന്ത്രിയായി. ബി.ജെ.പി സഖ്യത്തിൽ നിന്ന് പിന്മാറിയ നിതീഷ് 2015-ൽ മഹാഗഡ്ബന്ധൻ സഖ്യം രൂപീകരിച്ചു. രാഷ്ട്രീയ എതിരാളിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുമായി കൈകോർത്തുകൊണ്ടായിരുന്നു ഈ നീക്കം. 2015-ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യം (ജെ.ഡി.യു + ആർ.ജെ.ഡി + കോൺഗ്രസ്) അധികാരം പിടിച്ചതിനെ തുടർന്ന് നിതീഷ് മുഖ്യമന്ത്രിയായി അഞ്ചാം തവണ സ്ഥാനമേറ്റു. 2017-ൽ മഹാഗഡ്ബന്ധൻ പിളർന്നു മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ലാലുവിനെയും കോൺഗ്രസിനെയും വിട്ട് നിതീഷ് വീണ്ടും എൻ.ഡി.എ മുന്നണിയിൽ ചേർന്നു. 2017-ൽ ബി.ജെ.പിയുടെ പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി അറാം തവണ അധികാരമേറ്റു. 2020-ൽ നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം 43 സീറ്റ് നേടിയ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന് നൽകി. അങ്ങനെ ഏഴാമത്തെ തവണയും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സ്ഥാനമേറ്റു. 2022 ഓഗസ്റ്റ് 9ന് സഖ്യകക്ഷിയായ ബി.ജെ.പി ജെ.ഡി.യുവിനെ പിളർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി പദം രാജിവെച്ച് എൻ.ഡി.എ വിട്ടു. 2022 ഓഗസ്റ്റ് പത്തിന് 80 സീറ്റുള്ള ആർ.ജെ.ഡിയുടെയും 19 സീറ്റുള്ള കോൺഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയോടെ നിയമസഭയിൽ ഭൂരിപക്ഷമുറപ്പിച്ച് രണ്ടാമത്തെ മഹാഗഡ്ബന്ധൻ സർക്കാരിൽ എട്ടാം വട്ടവും ബിഹാർ മുഖ്യമന്ത്രിയായി ഇതിനിടയിൽ പലപ്പോഴും കേന്ദ്ര മന്ത്രിയുമായിട്ടുണ്ട്. ഇപ്പോൾ വീണ്ടും എൻഡിഎയിലേക്കു പോകുന്നു. കേന്ദ്രത്തെ വെല്ലുവിളിച്ച് ജാതി സെൻസസ് നടപ്പാക്കിയതിനു ശേഷമാണ് ഈ മാറ്റം എന്നതാണ് ഏറ്റവും അത്ഭുതകരം.
തീർച്ചയായും ഇന്ത്യാ സഖ്യത്തിന്റെ ഭാവിയെ തന്നെ സംശയാസ്പദമാക്കുന്ന സംഭവ വികാസങ്ങളിൽ സഖ്യത്തിലെ കോൺഗ്രസടക്കമുള്ള പല പാർട്ടികൾക്കും പങ്കുണ്ട്. നിതീഷിനെ ചെയർമാനാക്കിയില്ലെങ്കിലും കൺവീനർ ആയെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. നിതീഷിനെ പോലെ പ്രധാനമന്ത്രിസ്ഥാനം മോഹിക്കുന്ന മമതയുടേയും അരവിന്ദ് കെജ്‌റിവാളിന്റേയും പല നയങ്ങളും സഖ്യത്തെ തകർക്കുന്നവ തന്നെയാണ്. കോൺഗ്രസാകട്ടെ ഇക്കഴിഞ്ഞ നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ സഖ്യത്തിലെ കക്ഷികൾക്ക് യാതൊരു പരിഗണനയും നൽകിയില്ല. അതിനു പകരം വീട്ടുകയാണ് പല പാർട്ടികളും ഇപ്പോൾ ചെയ്യുന്നത്. രാഹുൽ ഗാന്ധിയാകട്ടെ, ഈ നിർണായക ഘട്ടത്തിൽ ജോഡോ യാത്ര നയിക്കുകയാണ്. ഈ യാത്ര സഖ്യത്തിന്റെ മൊത്തം യാത്രയാക്കാനും അദ്ദേഹം തയാറായില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ശക്തമായ പോരാട്ടം നയിക്കാനുള്ള കരുത്ത് സഖ്യത്തിനുണ്ടോ എന്നു കാത്തിരുന്നു കാണേണ്ടിവരും. തീർച്ചയായും കണക്കുകൾ പരിശോധിക്കുമ്പോൾ അതിനുള്ള നേരിയ സാധ്യതയൊക്കെ ഇപ്പോഴും നിലവിലുണ്ട്. എന്നാൽ നികേഷിന്റെ പ്രവൃത്തിയിൽ നിന്നെങ്കിലും പാഠം പഠിച്ച്, ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്ത് ഒന്നിക്കാൻ എല്ലാ കക്ഷികളും തയാറകണം എന്നു മാത്രം. അതിനായി ആദ്യം തിരിച്ചറിയേണ്ടത് നമ്മളിപ്പോൾ നിൽക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റേയും ജനാധിപത്യത്തിന്റേയും ഇന്ത്യയുടെ തന്നെയും നിലനിൽപിന്റെ ചരിത്ര മുഹൂർത്തത്തിലാണ് എന്നതാണ്. ഇവയെല്ലാം നിലനിൽക്കണോ എന്ന അവസാന ചോദ്യമാണ് ഈ പാർട്ടികൾക്കും അവരുടെ നേതാക്കൾക്കും മുഴുവൻ പൗരന്മാർക്കും മുന്നിലുള്ളത്. അവിടെ നിതീഷ് കുമാറിനെ പോലെ ജനാധിപത്യത്തെ ഒറ്റിക്കൊടുക്കുന്ന യൂദാസുമാരാകാൻ തയാറില്ല എന്ന തീരുമാനമാണ് എല്ലാവരുമെടുക്കേണ്ടത്.