ഞങ്ങള്‍ അന്നേ പറഞ്ഞതാണ്, വേണ്ട വേണ്ടയെന്ന്.. യു.എസ് സൈനികരുടെ മരണത്തില്‍ ഹമാസ്

ഗാസ- ഗാസയിലെ ഇസ്രായില്‍ ആക്രമണം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വ്യാപിക്കാന്‍ ഇടയാക്കുമെന്ന് തങ്ങള്‍ മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണെന്ന് ഹമാസ്. ഫലസ്തീന്‍ രക്തം സംരക്ഷിക്കുന്നതില്‍ അറബ്, മുസ് ലിം രാഷ്ട്രങ്ങള്‍ തങ്ങളുടെ പങ്ക് തുടരുമെന്നും ഗാസയില്‍ നടക്കുന്നത് ലോകത്തിന് നാണക്കേടാണെന്നും ഹമാസ് നേതാവ് സാമി അബു സുഹ്‌രി പറഞ്ഞു.

യു.എസ് ഭരണകൂടത്തിന് നല്‍കിയ മുന്നറിയിപ്പ് ഇപ്പോള്‍ ഫലിച്ചിരിക്കുകയാണ്. ഗാസയിലെ ആക്രമണം മേഖലക്കാകെ ഭീഷണിയാകുമെന്ന് തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് മുഖവിലക്കെടുക്കാന്‍ അമേരിക്ക തയാറായില്ലെന്നും സാമി അബു സുഹ്‌രി പറഞ്ഞു.

മൂന്ന് അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണം പ്രസിഡന്റ് ജോ ബൈഡന്റെ ബലഹീനതയാണെന്ന്  മുന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചു. 'ജോ ബൈഡന്റെ ബലഹീനതയുടെയും കീഴടങ്ങലിന്റെയും മറ്റൊരു ഭീകരവും ദാരുണവുമായ അനന്തരഫലമാണ് അമേരിക്കക്കെതിരായ ഈ ക്രൂരമായ ആക്രമണം- ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

ഇന്നത്തെ സംഭവവും ഒക്‌ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണവും ഉക്രൈനിലെ റഷ്യന്‍ അധിനിവേശവും താന്‍ അധികാരത്തിലായിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകരം, ഞങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുന്നു- ട്രംപ് എഴുതി.

യു.എസ് സര്‍വീസ് അംഗങ്ങളെ കൊലപ്പെടുത്തിയതില്‍ ബൈഡന്‍ കടുത്ത റിപ്പബ്ലിക്കന്‍ വിമര്‍ശനം നേരിടുകയാണ്. തന്റെ രാഷ്ട്രീയ എതിരാളികള്‍ മിഡില്‍ ഈസ്റ്റിലെ അക്രമങ്ങളെ എങ്ങനെ ഉപയോഗിക്കുമെന്നത് ഇത് എടുത്തുകാണിക്കുന്നു, ബൈഡന്‍ പരാജയപ്പെട്ട നേതാവാണെന്ന് അവര്‍ ചിത്രീകരിക്കും.

എന്നിട്ടും, ഗാസക്കെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാന്‍ യു.എസ് പ്രസിഡന്റ് വിസമ്മതിക്കുകയാണ്.

 

Latest News