ബെംഗളൂരു - സമസ്തയുടെ നൂറു വർഷത്തിന്റെ പൈതൃകം എന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സമസ്തയുടെ നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിൽ എസ്.കെ.എസ്.എസ്.എഫ് കർണാടക ഘടകത്തിന്റെ 2500 വിഖായ വളണ്ടിയർമാരുടെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ നൂറു വർഷത്തിന്റെ പൈതൃകം എന്നെ അത്ഭുതപ്പെടുത്തുന്നു. വിശുദ്ധമായ വേദിയിലാണുള്ളതെന്ന പൂർണ ബോധ്യം എനിക്കുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷമേ ആയുള്ളൂ. സമസ്തയ്ക്ക് നൂറുവയസ്സായി എന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്. ഞാൻ ഉപമുഖ്യമന്ത്രിയായോ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായോ അല്ല ഇവിടെ എത്തിയത്. നിങ്ങളിലൊരാളായാണ് വന്നത്. ഈ രാജ്യത്തിന്റെ സമുന്നതിക്കും വികസനത്തിനും വേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നത്.
ഏതു മതമായാലും ഭക്തി ഒന്നു തന്നെയാണ്. നമ്മൾ എല്ലാവരും മനുഷ്യത്വത്തോടെയാണ് ജീവിക്കുന്നത്. മാതാവിന്റെ കാൽകീഴിലാണ് സ്വർഗമെന്ന പ്രവാചക സന്ദേശം ഉൾക്കൊണ്ടാണ് നാം ജീവിക്കുന്നത്. രാജ്യത്ത് സമാധാനം പുലരണം. വർഗീയ ഭീതി നീങ്ങണമെന്നും സമസ്തയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കർണാടക സർക്കാർ കൂടെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.