Sorry, you need to enable JavaScript to visit this website.

സി.എം.എഫ്.ആർ.ഐ വിപണന കേന്ദ്രത്തിൽ കൂവപ്പൊടി മുതൽ കടൽപായൽ ഉൽപന്നങ്ങൾ വരെ

കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കർഷക സംഘങ്ങളിൽനിന്ന് നേരിട്ടെത്തിച്ച ഗുണമേൻമ ഉറപ്പുവരുത്തിയ ഉൽപന്നങ്ങളുമായി സി.എം.എഫ്.ആർ.ഐയുടെ വിപണന കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നു. ആരോഗ്യ സംരക്ഷണത്തിനുതകുന്ന വിഭവങ്ങളും മായമില്ലാത്ത നിത്യോപയോഗ ഭക്ഷ്യോൽപന്നങ്ങളും വിപണന കേന്ദ്രത്തിൽ ലഭിക്കും. സി.എം.എഫ്.ആർ.ഐയുടെ അഗ്രികൾച്ചറൽ ടെക്‌നോളജി ഇൻഫർമേഷൻ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ കൊച്ചിയിൽ നിർവഹിച്ചു.
വൃത്തിയാക്കിയ മീൻ, ഉണക്കമീൻ, ഇറച്ചി, പൊക്കാളി ഉൾപ്പെടെയുള്ള വിവിധയിനം അരികൾ, കല്ലുമ്മക്കായ, കൂവപ്പൊടി, കപ്പ ഉൽപന്നങ്ങൾ, ചക്കയുടെ വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ, തേൻ, കർണാടകയിൽ നിന്നെത്തിച്ച ചെറുധാന്യങ്ങൾ, എണ്ണകൾ, സുഗന്ധവ്യഞ്ജനങ്ങൾ, പലഹാരങ്ങൾ, അച്ചാറുകൾ തുടങ്ങി എണ്ണമറ്റ ഉൽപന്നങ്ങൾ വിപണന കേന്ദ്രത്തിൽ ലഭ്യമാണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 7 വരെയാണ് പ്രവർത്തന സമയം.
പ്രമേഹം, കൊളസ്‌ട്രോൾ, സന്ധിവേദന, രക്തസമർദം തുടങ്ങി ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനായി കടൽപായലിൽ നിന്നും സി.എം.എഫ്.ആർ.എ വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ വിപണന കേന്ദ്രത്തിൽ ലഭിക്കും.
കാർഷിക സർവകലാശാലയിൽ നിന്നെത്തിച്ച ചോക്ലേറ്റ്, കശുമാങ്ങ പാനീയം ഉൾപ്പെടെയുള്ള വിവിധ ഉൽപന്നങ്ങളും സ്‌പൈസസ് ബോർഡ് ഉൽപന്നങ്ങളായ ഗുണമേൻമയുള്ള ഏലക്കായ, കുരുമുളക്, കുർക്കുമിൻ അളവ് കൂടുതലായുള്ള മഞ്ഞൾപ്പൊടി തുടങ്ങിയവയുമുണ്ട്. ലക്ഷദ്വീപ് വെളിച്ചെണ്ണ, വിനാഗിരി, ചൂര ഉൽപന്നങ്ങളും നാളികേര വികസന ബോർഡിന്റെ തേങ്ങാ ചിപ്‌സ് അടക്കമുള്ള വിഭവങ്ങളും ലഭ്യമാണ്. 
കൂടാതെ, ചെറുകിട കർഷകർക്കും അടുക്കളത്തോട്ടമൊരുക്കുന്നവർക്കും മണ്ണിര കമ്പോസ്റ്റ്, ജൈവവളം, പച്ചക്കറി വിത്തുകൾ എന്നിവയും വിപണന കേന്ദ്രത്തിൽ ലഭ്യാമാണ്.
കേന്ദ്ര സുഗന്ധവിള ഗവേഷണ സ്ഥാപനം, കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനം (സിഫ്റ്റ്),  വെറ്ററിനറി സർവകലാശാല, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനം തുടങ്ങിയ സ്ഥാപനങ്ങൾക്ക് കീഴിലെ കർഷകസംഘങ്ങളുടെയും സംരംഭകരുടെയും വിവിധ ഉൽപന്നങ്ങൾ വിപണന കേന്ദ്രത്തിൽ ലഭ്യമാണ്.

Latest News