വാഷിംഗ്ടണ്‍ - മൂന്നു മാസത്തിലധികമായി യുദ്ധം തുടര്‍ന്നിട്ടും ഇസ്രായിലിന് എതിരായ ഹമാസിന്റെ പോരാട്ടവീര്യത്തിന് ഒട്ടു കുറവില്ല. ഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ എവിടെനിന്നെന്നത് അന്നുമുതലേ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുടെ പേര് പലരും ഉന്നയിക്കുന്നു. എന്നാല്‍ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത സ്രോതസ്സില്‍നിന്നാണ് ഇവ കിട്ടുന്നതെന്ന് ഇസ്രായേല്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അത് മറ്റാരുമല്ല, ഇസ്രായില്‍ സൈന്യം തന്നെ.
ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഹമാസ് ഇത്രയധികം സായുധരായത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ വര്‍ഷങ്ങളായി, വിശകലന വിദഗ്ധര്‍ ശ്രമിക്കുകയാണ്. ഭൂഗര്‍ഭ പാതകളിലൂടെ കള്ളക്കടത്ത് വഴിയാണെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇസ്രായില്‍ ഗാസയില്‍ ആക്രമണം നടത്തിയപ്പോള്‍ പൊട്ടിത്തെറിക്കാതെ കിടന്ന ആയിരക്കണക്കിന് യുദ്ധോപകരണങ്ങളില്‍നിന്ന് നിരവധി റോക്കറ്റുകളും ടാങ്ക് വിരുദ്ധ ആയുധങ്ങളും ഹമാസിന് നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്ന് ഇന്റലിജന്‍സ് പറയുന്നു. ഇസ്രായില്‍ സൈനിക താവളങ്ങളില്‍ നിന്ന് കടത്തിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഹമാസും തങ്ങളുടെ പോരാളികള്‍ക്ക് ആയുധം നല്‍കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.
ഒക്‌ടോബര്‍ 7ന് മുമ്പ് ഇസ്രായില്‍ അധികാരികള്‍ ഹമാസിന്റെ ഉദ്ദേശ്യങ്ങളെ തെറ്റായി വിലയിരുത്തിയതുപോലെ, ആയുധങ്ങള്‍ നേടാനുള്ള അതിന്റെ കഴിവും അവര്‍ കുറച്ചുകാണുന്നു എന്നാണ് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ 17 വര്‍ഷമായി ഗാസയില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇസ്രായില്‍ സൈന്യം ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അവര്‍ക്കെതിരെയും പ്രയോഗിക്കുന്നത് എന്നതാണ് വ്യക്തമാകുന്നത്. ഇസ്രായിലി-അമേരിക്കന്‍ സൈനിക സ്‌ഫോടകവസ്തുക്കള്‍ ഇസ്രായിലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിടാനും ഗാസയില്‍നിന്ന് ഇസ്രായിലി പട്ടണങ്ങളിലേക്ക് ആക്രമണം നടത്താനും ഹമാസിനെ പ്രാപ്തമാക്കി.
'പൊട്ടാത്ത ആയുധങ്ങളാണ് ഹമാസിന്റെ സ്‌ഫോടക വസ്തുക്കളുടെ പ്രധാന ഉറവിടം- ഇസ്രയേലി നാഷണല്‍ പോലീസ് ബോംബ് ഡിസ്‌പോസല്‍ ഡിവിഷന്‍ മുന്‍ ഉപമേധാവിയും ഇസ്രായില്‍ പോലീസ് കണ്‍സള്‍ട്ടന്റുമായ മൈക്കല്‍ കാര്‍ഡാഷ് പറഞ്ഞു. 'അവര്‍ ഇസ്രായേലില്‍നിന്ന് ബോംബുകളും ഇസ്രായേലില്‍ നിന്നുള്ള പീരങ്കി ബോംബുകളും ശേഖരിക്കുന്നു. അവയില്‍ പലതും അവരുടെ സ്‌ഫോടകവസ്തുക്കള്‍ക്കും റോക്കറ്റുകള്‍ക്കും വേണ്ടി ഉപയോഗിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു.'
ഏകദേശം 10 ശതമാനം യുദ്ധസാമഗ്രികള്‍ സാധാരണ പൊട്ടിത്തെറിക്കുന്നതില്‍ പരാജയപ്പെടുമെന്ന് ആയുധ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇസ്രായിലിന്റെ കാര്യത്തില്‍, ഈ കണക്ക് കൂടുതലായിരിക്കാം. ഇസ്രായിലിന്റെ ആയുധപ്പുരയില്‍ വിയറ്റ്‌നാം കാലത്തെ മിസൈലുകള്‍ വരെയുണ്ട്. അമേരിക്കയും മറ്റ് സൈനിക ശക്തികളും വളരെക്കാലമായി നിര്‍ത്തലാക്കിയവയാണിവ. ഈ മിസൈലുകളില്‍ ചിലതിന്റെ പരാജയ നിരക്ക് 15 ശതമാനം വരെ ഉയര്‍ന്നേക്കാം- ഒരു ഇസ്രായിലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വര്‍ഷങ്ങളായി നടന്ന ബോംബാക്രമണവും ഗാസയിലെ സമീപകാല ബോംബാക്രമണവും ആയിരക്കണക്കിന് ടണ്‍ പൊട്ടിത്തെറിക്കാത്ത ആയുധങ്ങളാണ് വീണ്ടും ഉപയോഗിക്കാനായി ഹമാസിന് നല്‍കിയത്. പൊട്ടിത്തെറിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു 750 പൗണ്ട് ബോംബ് കൊണ്ട് നൂറുകണക്കിന് മിസൈലുകളോ റോക്കറ്റുകളോ ഉണ്ടാക്കാം.






