റിയാദ്- സൗദി തലസ്ഥാന നഗരിയില്‍ ഏറെക്കാലം പ്രവാസിയായിരുന്ന ഷീബ രാമചന്ദ്രന്‍ എന്ന പെരുമ്പാവൂര്‍കാരി അന്നേ കടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍ കൃത്യമായി പ്രതികരിക്കാനും നിലപാടുകള്‍ വ്യക്തമാക്കാനും മടിയില്ലാത്ത ഷീബ പത്രകോളങ്ങളിലെ സ്ഥിരം സാന്നിധ്യവുമായി. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ ചെന്നതിന് ശേഷവും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായി മാറിയ ഷീബ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത ജോഡോ ന്യായ് യാത്രയിലെ പങ്കാളിയാണ്. ആദ്യത്തെ ജോഡോ യാത്രയില്‍ 4080 കിലോമീറ്റര്‍ നടന്ന് ഷീബ ചരിത്രം സൃഷ്ടിച്ചിരുന്നു.
യാത്രയില്‍ ഉടനീളം പങ്കെടുത്ത ഏക മലയാളി വനിതയാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഷീബ. പാര്‍ട്ടിക്ക് വേണ്ടി തന്നാല്‍ കഴിയുന്നത് ചെയ്യുന്നു എന്നാണ് ഷീബയുടെ നിലപാട്.
കോണ്‍ഗ്രസ് അനുഭാവിയും വളയന്‍ചിറങ്ങര മേഖല പ്രസിഡന്റുമായിരുന്ന അച്ഛന്‍ നെല്ലിക്കല്‍ ശങ്കരന്‍ നായരോടുള്ള ആദരവായാണ് ഈ യാത്രയില്‍ പങ്കെടുക്കാന്‍ പെരുമ്പാവൂര്‍ സ്വദേശിയായ ഷീബ തീരുമാനിച്ചത്. 'കെ.എസ് യുവിലൂടെയാണ് പാര്‍ട്ടിയിലേക്ക് വന്നത്. പാര്‍ട്ടിക്ക് ആയി സൗജന്യമായി സ്ഥലം കൊടുത്ത് പാര്‍ട്ടി ഓഫീസ് ഉണ്ടാക്കി കൊടുത്ത ആളാണ് അച്ഛന്‍. ഏഴ് മക്കളില്‍ ആരും പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് വരാത്തതില്‍ അച്ഛന് വലിയ വിഷമം ഉണ്ടായിരുന്നു. മരണം വരെ ഈ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഈ യാത്രയില്‍ പങ്കെടുക്കുമ്പോള്‍ അച്ഛന് ശാന്തി ലഭിക്കുമെന്ന് എനിക്ക് തോന്നുന്നു-ഷീബ പറഞ്ഞു.
ആദ്യ യാത്രയില്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിക്കാനും ഒപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞതില്‍ അതീവ സന്തോഷത്തിലാണ് ഷീബ. പാര്‍ട്ടിയുടെ വിചാരധാരയെ കുറിച്ചാണ് രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കാറുള്ളതെന്ന് ഷീബ പറഞ്ഞു. ജമ്മു കശ്മീരില്‍ യാത്രയുടെ അവസാന ലാപ്പില്‍ ലാല്‍ ചൗക്കില്‍ ഉയര്‍ത്താനുള്ള ദേശീയ പതാക വഹിച്ചത് ഷീബ ആയിരുന്നു. പശ്ചിമ ബംഗാളിലാണ് ഷീബ ഇപ്പോള്‍.
ദീര്‍ഘകാലം സൗദിയില്‍ സ്ഥിരതാമസം ആയിരുന്ന ഷീബ ഇവിടെയും പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റിയാദില്‍ ആരംഭിച്ച ആദ്യ പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഷീബ ഇപ്പോള്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി നടത്തിയ സേവനത്തിന് ഇന്ത്യന്‍ എംബസി മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. മികച്ച പ്രാസംഗികയുംഎഴുത്തുകാരിയും കൂടിയാണ് ഷീബ.