പോലീസ് പിന്തുടര്‍ന്നോടിച്ച വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കോടതി നേരിട്ട് കേസെടുത്തു

കാസര്‍കോട്- കുമ്പളയില്‍ പോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കോടതി നരഹത്യക്ക് കേസെടുത്തു. കുമ്പള മുന്‍ എസ്.ഐ രജിത്, സി.പി.ഒ മാരായ ദീപു, രഞ്ജിത്ത്  എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് മുന്‍സീഫ് കോടതി കേസെടുത്തത്. ഇവര്‍ക്ക് ഫെബ്രുവരി 19 ന് ഹാജരാകാന്‍ കോടതി സമന്‍സ് അയച്ചു.
ഐ.പി.സി 304 പ്രകാരമാണ് കോടതി കേസെടുത്തിട്ടുള്ളത്. അംഗഡിമൊഗര്‍ ജി.എച്ച്. എസ്. എസിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസ് ആണ് അപകടത്തില്‍ മരിച്ചത്. ഇതിനു പിന്നാലെ പോലീസ് പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ കുമ്പള പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ മാതാവ് സഫിയ മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം െ്രെകംബ്രാഞ്ച് ഏറ്റെടുത്തതോടെ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് മാതാവിന്റെ ഹരജിയിലാണ് കോടതിയുടെ നടപടി.
കഴിഞ്ഞ വര്‍ഷം സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് പോകുന്നതിനിടെയാണ്  അപകടമുണ്ടായത്. പ്ലസ്ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ പോലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. നാല് വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ വാഹനം പോലീസ് വാഹനത്തില്‍ ഇടിച്ച ഇവരുടെ കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പോലീസ് പിന്തുടരുന്നതിനിടെ ഫര്‍ഹാസ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാര്‍ഥികളുടെ വാഹനം പോലീസ് പിന്തുടരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തില്‍ ഫര്‍ഹാസിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഓഗസ്റ്റ് 30 നാണ് ഫര്‍ഹാസ് മരിച്ചത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കുമ്പള പോലീസ് സ്‌റ്റേഷനില്‍ ഉപരോധ സമരം നടത്തിയിരുന്നു.

കുമ്പള പോലിസിനേറ്റ തിരിച്ചടി

ഫര്‍ഹാസ് മരിക്കാനിടയായ സംഭവത്തില്‍ പോലീസിനെതിരെ കോടതി കേസെടുത്ത നടപടി കുമ്പള പോലിസിനേറ്റ തിരിച്ചടിയെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
മുസ്‌ലിം ലീഗ് പിന്തുണയോടെ മാതാവിന്റെ പരാതിയില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എസ്.ഐ. എസ് .ആര്‍ .രജിത്ത്, സി.പി.ഒ. മാരായ ടി.ദീപു ,പി. രഞ്ജിത്ത്  എന്നിവര്‍ക്കെതിരെ
ഐപിസി 304 പ്രകാരം നരഹത്യക്ക്  കേസെടുത്തതിലൂടെ പോലീസ് ക്രിമിനലെന്ന് തെളിഞ്ഞിരിക്കുകയാണ്.
സത്യം ഒരു നാള്‍ പുലരുമെന്ന ദൃഢനിശ്ചയത്തോടെയുള്ള നിയമപോരാട്ടം വിജയം കണ്ടതില്‍ ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News