കേരളത്തിലെ മുഴുവന്‍ ആളുകളും അവരുടെ ശമ്പളം നല്‍കിയാല്‍ ഒരു നവകേരളം കെട്ടിപ്പടുക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. എങ്ങിനെയാണ് അദ്ദേഹത്തിന് ഇങ്ങിനെ പറയാന്‍ കഴിയുന്നത്. ജീവിതം ഏതുവിധം കെട്ടിപ്പടുക്കണം, മക്കളെ എങ്ങിനെ പോറ്റണം എന്നാലോചിച്ചുനില്‍ക്കുന്നവരോട് നിങ്ങളുടെ പൈസ കേരളം കെട്ടിപ്പടുക്കാന്‍ വേണം എന്ന് പറയാന്‍ അസാധാരണ തൊലിക്കട്ടി വേണം. കാണ്ടാമൃഗം പോലും തോറ്റുപോകും. കാണ്ടാമൃഗത്തെ മൃദുല ചര്‍മ്മനാക്കുന്ന തൊലിക്കട്ടിയാണിത്.
ദുരിതമനുഭവിക്കുന്നവരെ നേരില്‍ പോയി കാണാത്തത് കൊണ്ടാണ് ഇങ്ങിനെ പറയാന്‍ കഴിയുന്നത്. മുകളില്‍ ആകാശവും താഴെ ഭൂമിയും എന്ന നിലയില്‍ കുറെ പേര്‍ യാതന അനുഭവിക്കുന്നു. ഇപ്പോഴും ആദിവാസി കോളനികളില്‍ ഭക്ഷണം എത്തിയിട്ടില്ല. അവര്‍ക്ക് അങ്ങോട്ട് പണം കൊടുക്കുന്നതിന് പകരം കണ്ണീരൊഴുക്കുന്നവന്റെ കീശയില്‍ കയ്യിട്ട് കൊള്ളയടിക്കുകയാണ്. ഇത് ശരിയല്ല. ഇതേവരെ സര്‍ക്കാറിന് ഒരു കാശും ചെലവായിട്ടില്ല. ക്യാമ്പില്‍ അരിയും പുതപ്പും മറ്റും നല്‍കിയത് സന്നദ്ധസംഘടനകളാണ്. സര്‍ക്കാറിന് ഇതേവരെ കാശ് ചെലവായിട്ടില്ലെന്ന് മാത്രമല്ല, സൗജന്യറേഷന്‍ പോലും നല്‍കിയിട്ടില്ല.
ഓഖി ദുരന്തത്തില്‍ ലഭിച്ച നൂറുകോടിയില്‍ ഇരുപത് കോടിയാണ് ഇതേവരെ ചെലവിട്ടത്. ബാക്കിയുള്ള എണ്‍പത് കോടി എന്തായി എന്ന് പോലും ആര്‍ക്കും അറിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ എത്ര പൈസയുണ്ടെന്ന് പോലും വ്യക്തമല്ല. ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ ജനങ്ങളുടെ ഭാഗത്ത്‌നിന്നുണ്ടാകണം. ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം. വിദേശരാജ്യത്ത്‌നിന്നും ആളുകള്‍ കൊടുത്തയച്ച മുഴുവന്‍ സാധനങ്ങളും വിമനതാവളത്തില്‍ കെട്ടിക്കിടക്കുകയാണ്. സര്‍ക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കുമെന്നാണ് പറയുന്നത്. ഇത് നാസി ജര്‍മനിയോ, ഹിറ്റ്‌ലറുടെ ഭരണമോ. ഇതൊന്നും വകവെച്ചുകൊടുക്കാന്‍ പറ്റില്ല. ഇതുവരെ സഹകരിച്ചു. ഇനിയും സഹകരിക്കും. പുതിയ കേരളം കെട്ടിപ്പടുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ഈ പ്രളയത്തെ അതിജീവിച്ചതും അങ്ങനെ തന്നെ. സര്‍ക്കാര്‍ ഇതേവരെ ഒന്നും ചെലവഴിച്ചില്ല. ക്യാമ്പില്‍നിന്ന് പോകുന്നവര്‍ക്ക് മൂവായിരം രൂപ പോലും കൊടുത്തിട്ടില്ല. സര്‍ക്കാര്‍ കുറച്ചുകൂടി മാന്യമായി പെരുമാറണം. ജനങ്ങളെ എന്തും ചെയ്യാമെന്ന രീതിയില്‍ കൈകാര്യം ചെയ്യരുത്. സന്നദ്ധസംഘടനകളെ ഇപ്പോള്‍ തീണ്ടാപ്പാടകലെ നിര്‍ത്തിയിരിക്കുകയാണ്. സന്നദ്ധപ്രവര്‍ത്തനം നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് തിരുവനന്തപുരം കലക്ടര്‍ പറഞ്ഞിരിക്കുന്ന്. ആരാണ് ഇവര്‍ അറസ്റ്റ് ചെയ്യാന്‍. ജനങ്ങളെ സേവിക്കാന്‍ ഏത് പൗരനും അവകാശമുണ്ട്. അത് തടയാന്‍ ശ്രമിക്കുന്നവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.