കാസര്‍കോട്- മൂന്നു വര്‍ഷം മുമ്പുണ്ടായ വാട്സ്ആപ്പ് സന്ദേശത്തിന്റെ പേരില്‍ പ്രവാസിയെയും ഭാര്യയെയും കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു പരിക്കേല്പിച്ചു. കൊടിയമ്മയിലെ പ്രവാസിയായ ഇബ്രാഹിം (38), ഭാര്യ ജമീല (28) എന്നിവരെയാണ് പരിക്കേല്പിച്ചത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമീലയുടെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് കാറില്‍ വരുമ്പോള്‍ കൊടിയമ്മ പള്ളിക്ക് സമീപം വെച്ച് അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന ഇബ്രാഹിം പറയുന്നത്. മൂന്നു വര്‍ഷം മുമ്പ് വാട്സ്ആപ്പ് മെസേജിന്റെ പേരിലുണ്ടായ പ്രശ്നം അന്ന് പറഞ്ഞു തീര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം പള്ളിക്കു സമീപം എത്തിയപ്പോള്‍ ഇതിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തുകയും അക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ കൊടിയമ്മയിലെ ജലീല്‍, സാദിഖ്, ഫൈസല്‍, ലത്വീഫ്, നൗഫല്‍ എന്നിവര്‍ക്കെതിരെ കുമ്പള പോലീസ് വധശ്രമത്തിന് കേസെടുത്തു.