Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിസിറ്റ് വിസയിൽ എത്തുന്നവർ ഉംറ രജിസ്‌ട്രേഷൻ നിർവഹിക്കേണ്ടത് എങ്ങിനെ, വിശദീകരണവുമായി ഹജ് മന്ത്രാലയം

മക്ക- സൗദിയിൽ വിസിറ്റ് വിസയിൽ എത്തുന്നവർ ഉംറ നിർവഹിക്കുന്നതിന് രജിസ്‌ട്രേഷൻ നിർവഹിക്കേണ്ടത് സംബന്ധിച്ച് വിശദീകരണവുമായി ഹജ്-ഉംറ മന്ത്രാലയം. സൗദിയിൽ താമസ വിസയുള്ളവരുടെ കുടുംബാംഗങ്ങൾ വിസിറ്റ് വിസയിൽ രാജ്യത്ത് എത്തുമ്പോൾ അവരെ നുസ്‌ക് ആപ്ലിക്കേഷനിൽ ചേർക്കാനോ അതുവഴി അവരെയും ഹജ്, ഉംറ, റൗദ സന്ദർശനം തുടങ്ങിയ കർമങ്ങൾക്ക് ഒരുമിച്ചു രജിസ്റ്റർ ചെയ്യാനോ കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിസിറ്റ്  വിസയിൽ സൗദിയിലെത്തുന്ന ആർക്കും തങ്ങളുടെ പാസ്‌പോർട്ട്, വിസ നമ്പറുകൾ എന്നിവ ഉപയോഗിച്ച് നുസ്‌ക് ആപ്ലിക്കേഷനിൽ പ്രത്യേകം രജിസ്റ്റർ ചെയ്യാവുന്നതും ലഭ്യമായ കർമ്മങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതുമാണ്. വിദേശ താമസക്കാരിലൊരാളുടെ ചോദ്യത്തിന് എക്‌സ് പ്ലാറ്റ് ഫോമിൽ നൽകിയ മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഉംറ തീർത്ഥാടകരെ ചൂഷണം ചെയ്യുന്നതിനായി വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യാജ ഉംറ സ്ഥാപനങ്ങളെ കുറിച്ച് ജാഗ്രത പാലിക്കുകയും ഉംറ നടപടിക്രമങ്ങൾക്കായി അംഗീകൃത ഏജൻസികളെ മാത്രം സമീപിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകി. വിസറ്റ് വിസയിലെത്തി ഹജ് കർമങ്ങളിൽ പങ്കെടുക്കാനാകുമോ എന്ന ചോദ്യത്തിനു കൂടിയാണ്  മന്ത്രാലയത്തിന്റെ ഈ മറുപടിയോടെ വിരാമമാകുന്നത്. മറ്റുള്ളവരോടൊപ്പം നുസ്‌ക് വഴിയോ ഒറ്റക്ക് രജിസ്റ്റർ ചെയ്‌തോ ഹജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ സന്ദർശക വിസയിലുള്ളവർക്ക് കഴിയില്ല. 

Latest News