Sorry, you need to enable JavaScript to visit this website.

'നീ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ചത്തുകളയും',  മകന് അമ്മയുടെ ഭീഷണി, ഒടുവില്‍ പണി കിട്ടി

ബെയ്ജിംഗ്- മക്കളെ കല്ല്യാണത്തിന് നിര്‍ബന്ധിക്കുന്ന ഒരുപാട് മാതാപിതാക്കളെ നമുക്ക് ചുറ്റിലും കാണാം. മക്കള്‍ വിവാഹം കഴിച്ചില്ലെങ്കില്‍ സമൂഹത്തില്‍ തങ്ങളുടെ അന്തസ് ഇല്ലാതെയാകും എന്ന കാഴ്ച്ചപ്പാട് തന്നെയാണ് അതിലെ വില്ലനും. മക്കള്‍ വിവാഹിതരായി കാണാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്ന മാതാപിതാക്കളുമുണ്ട്. അതിലൊന്നാണ് ആത്മഹത്യാഭീഷണി. 'നീ വിവാഹം കഴിച്ചില്ലെങ്കില്‍, നോക്കിക്കോ എന്റെ ശവമേ ഇനി കാണൂ' എന്നൊക്കെ പറയുന്നവരുണ്ട്.
എന്നാല്‍, മക്കള്‍ മാനസികമായും ശാരീരികമായും സാമ്പത്തികമായും വിവാഹത്തിന് തയ്യാറായോ, അവര്‍ക്കിഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്തിയോ എന്നതൊന്നും ഇവിടെ വിഷയമേ അല്ല. ഏതായാലും, മകനെ ആത്മഹത്യാഭീഷണി മുഴക്കി വിവാഹം കഴിപ്പിച്ച ഒരമ്മയ്ക്ക് പണി കിട്ടിയിരിക്കുകയാണ്. സംഭവം നടന്നത് ചൈനയിലെ വെന്‍ഷൗവിലാണ്. ഈ സംഭവത്തോടെ ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിവാഹിതരാവേണ്ടി വരുന്ന യുവാക്കളെ കുറിച്ചുള്ള വന്‍തോതിലുള്ള ചര്‍ച്ച നടക്കുകയാണ്.
സിയോജിന്‍ എന്ന യുവാവിനാണ് അമ്മയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിവാഹം കഴിക്കേണ്ടി വന്നത്. മകന് 30 വയസ്സ് ആയപ്പോഴേക്കും അമ്മ അവനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് തുടങ്ങിയിരുന്നു. അധികം വൈകാതെ അത് ആത്മഹത്യാഭീഷണിയായിത്തീര്‍ന്നു. 'നീ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ചത്ത് കളയും' എന്നായിരുന്നു സിയോജിന്റെ അമ്മ ഭീഷണിപ്പെടുത്തിയത്. ഒടുക്കം പേടികൊണ്ട് മകന്‍ വിവാഹം കഴിച്ചു.
എന്നാല്‍, അമ്മയുടെ നിര്‍ബന്ധത്തിന് വിവാഹം കഴിച്ചു എന്നല്ലാതെ സിയോജിന്‍ തന്റെ ഭാര്യയേയോ, ഭാര്യ സിയോജിനിനെയോ വേണ്ടപോലെ മനസിലാക്കിയിരുന്നില്ല. അതിനാല്‍ തന്നെ വിവാഹം കാഴിഞ്ഞ് ആദ്യനാളുകള്‍ ഇരുവരും വേണ്ടവിധത്തില്‍ സംസാരിക്കാതെ കടന്നുപോയി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വഴക്കും തുടങ്ങി. എന്തിന് ഇരുവരും തമ്മില്‍ ശാരീരികബബന്ധത്തിന് പോലും തയ്യാറായിരുന്നില്ല. ഏതായാലും, ആറുമാസം കഴിഞ്ഞപ്പോള്‍ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു.
ചൈനയില്‍ യുവാക്കള്‍ക്ക് വിവാഹത്തില്‍ വലിയ താല്‍പര്യമില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിന് സാമ്പത്തികവും സാമൂഹികവുമായ നിരവധി കാരണങ്ങളുമുണ്ട്. എന്നാല്‍, ചിലര്‍ക്ക് മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതരാവേണ്ടി വരുന്നു എന്നാണ് ഈ വാര്‍ത്തയുടെ സോഷ്യല്‍ മീഡിയാ പ്രതികരണങ്ങളില്‍ നിന്നും മനസിലാവുന്നത്.
'മക്കളുടെ സന്തോഷമോ, നല്ല ജീവിതമോ ഒന്നും അമ്മയ്ക്കും അച്ഛനും പ്രശ്നമല്ല. എങ്ങനെയെങ്കിലും അവരെ കൊണ്ട് കല്ല്യാണം കഴിപ്പിക്കണം എന്ന് മാത്രമേ അവര്‍ക്കുള്ളൂ' എന്നാണ് ഒരാള്‍ കുറിച്ചത്. 'എന്റെ അമ്മയും ഒരിക്കല്‍ ഇതുപോലെ ഞാന്‍ വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മ?ഹത്യ ചെയ്യും എന്ന് പറഞ്ഞിരുന്നു. എന്നാല്‍, വാ എനിക്കും ജീവിക്കണമെന്നില്ല, ഒരുമിച്ച് മരിക്കാം എന്നാണ് ഞാന്‍ പറഞ്ഞത്. അതോടെ ആ ഡ്രാമ നിര്‍ത്തി' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. മക്കളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം കഴിപ്പിക്കുന്നത് കൊടുംക്രൂരതയാണ് എന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്.

Latest News