Sorry, you need to enable JavaScript to visit this website.

'ആവശ്യമെങ്കില്‍ വെടിവെക്കും; യന്ത്രതോക്കുകളുമായി 55 സുരക്ഷാ ഭടന്‍മാര്‍'

ന്യൂദല്‍ഹി-  പ്രധാനമന്ത്രി കഴിഞ്ഞാല്‍ മറ്റ് വിവിഐപികള്‍ക്ക് നല്‍കുന്ന ഏറ്റവും കനത്ത സുരക്ഷാ കവചമാണ് സെഡ് പ്ലസ്. ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ (എന്‍എസ്ജി) ഉള്‍പ്പെടെയുള്ള സുരക്ഷാ ഭടന്‍മാരാണ് സെഡ് പ്ലസ് സെക്യൂരിറ്റിയുടെ ഭാഗമായുള്ളത്.
55 പേരടങ്ങുന്ന കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍ക്ക് പുറമേ എന്‍എസ്ജി കമാന്‍ഡോകളും ഇതില്‍ ഉള്‍പ്പെടുന്നു. സിആര്‍പിഎഫ് അല്ലെങ്കില്‍ ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്(ഐടിബിപി) എന്നീ സുരക്ഷാസേനയില്‍ ഉള്‍പ്പെട്ടവരാണ് സുരക്ഷയൊരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സെഡ് പ്ലസ് സുരക്ഷയാണ് സംസ്ഥാന പോലീസ് നല്‍കുന്നത്.
24 മണിക്കൂറും വിവിഐപിക്കൊപ്പം സായുധരായ സുരക്ഷാ സേനയുണ്ടാകും. ബുള്ളറ്റ് പ്രൂഫ് വാഹനമുള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളുമായാകും യാത്ര. എകെ 47 അടക്കമുള്ള തോക്കുകളുമായാണ് സുരക്ഷാ സേനാംഗങ്ങള്‍ സഞ്ചരിക്കുക. വിവിഐപിയുടെ ജീവന് അപകടമുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ വെടി വയ്ക്കുന്നതിനും അനുമതിയുണ്ട്. ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഒരുക്കിയ വാഹനവ്യൂഹവും ഒപ്പം സഞ്ചരിക്കും. രഹസ്യാന്വേഷണ ഏജന്‍സികളുമായി സഹകരിച്ചാകും സുരക്ഷാ സേനയുടെ പ്രവര്‍ത്തനം. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച ഒരു വിവരവും പുറത്ത് വിടാറില്ല. വിവിഐപി പങ്കെടുക്കുന്ന പരിപാടികളിലും സുരക്ഷാ സേനയുടെ പ്രത്യേക പരിശോധനയുണ്ടാകും. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് തുടങ്ങിയ സംവിധാനങ്ങള്‍ സ്ഥിരമായി വാഹനവ്യൂഹത്തിലുണ്ടാകും. ഈ സുരക്ഷയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി,. പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, യുപി,പഞ്ചാബ് മുഖ്യമന്ത്രിമാര്‍ തുടങ്ങി 45 വിവിഐപികള്‍ക്കാണ് സെഡ് പ്ലസ് സുരക്ഷ ലഭിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമേ പ്രമുഖ വ്യവസായിയായ മുകേഷ് അംബനിക്ക് സെഡ് പ്ലസ്‌സുരക്ഷ നല്‍കുന്നുണ്ട്.

Latest News