Sorry, you need to enable JavaScript to visit this website.

ഇറാനും പാക്കിസ്ഥാനും തമ്മിൽ വീണ്ടും സംഘർഷത്തിലേക്ക്?, ഒൻപതു പാക്കിസ്ഥാനികളെ വെടിവെച്ചുകൊന്നു

കറാച്ചി- ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷത്തിലേക്ക് പുതിയ തീ പകർന്ന് ഒൻപത് പാക്കിസ്ഥാനികളെ 
ഇറാന്റെ തെക്കുകിഴക്കൻ അതിർത്തി പ്രദേശത്ത് തോക്കുധാരികൾ കൊന്നൊടുക്കി. അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് ശേഷം ബന്ധം മെച്ചപ്പെടുത്താനുള്ള ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് പുതിയ സംഭവം. അതിർത്തി പ്രദേശമായ ശരവണിലാണ് ഒൻപത് പാക്കിസ്ഥാനികൾ കൊല്ലപ്പെട്ടത്. സംഭവത്തിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തുന്നതായി ടെഹ്റാനിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് മുദാസിർ  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പറഞ്ഞു. ദുഃഖിതരായ കുടുംബങ്ങൾക്ക് എംബസി പൂർണ്ണ പിന്തുണ നൽകുമെന്നും ഈ വിഷയത്തിൽ പൂർണ സഹകരണം നൽകാൻ ഇറാനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ നേരത്തെ ഉടലെടുത്ത സംഘർഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കിടെയാണ് കൂട്ടക്കൊല അരങ്ങേറിയത്. അതേസമയം, വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 
ആക്രമണത്തെ 'ഭീകര സംഭവം' എന്ന് വിളിച്ച പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഇറാനിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ടെഹ്റാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

''ഇത് ഭയാനകവും നിന്ദ്യവുമായ സംഭവമാണ്, ഞങ്ങൾ ഇതിനെ അപലപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച്ച് പറഞ്ഞു. ഇറാനിയൻ അധികാരികളുമായി സമ്പർക്കം പുലർത്തുന്നു. സംഭവത്തെക്കുറിച്ച് ഉടനടി അന്വേഷിക്കണം. ഈ ഹീനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു. 
ഇക്കഴിഞ്ഞ പതിനെട്ടിനാണ് പാക്കിസ്ഥാനിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തിയത്. രണ്ട് ദിവസത്തിന് ശേഷം, ഇറാനിലേക്ക് പാകിസ്ഥാൻ വ്യോമാക്രമണം നടത്തി. കഴിഞ്ഞ മാസങ്ങളിൽ ഇറാനിൽ മാരകമായ ആക്രമണങ്ങൾ നടത്തിയ ജെയ്ഷ് അൽ-അദ്ലിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് ഇറാന്റെ അവകാശവാദം. 2012 ൽ രൂപീകരിച്ച ഈ ഗ്രൂപ്പിനെ ഇറാൻ'ഭീകര' സംഘടനയായി കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

Latest News