ഗാസ- ഗാസയിൽ വംശഹത്യ പാടില്ലെന്ന അന്താരാഷ്ട്ര കോടതി വിധിക്കിടയിലും ശക്തമായ ആക്രമണമാണ് ഇസ്രായിൽ ഗാസയിൽ നടത്തുന്നത്. ഇന്ന്(ശനി)174 പേരെയാണ് സൈന്യം കൊന്നൊടുക്കിയത്. അതേസമയം, ഇന്ന് ഗാസയിൽനിന്ന് പുറത്തുവന്ന ഒരു വീഡിയോ ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്. ഇസ്രായിൽ ആക്രമണത്തിൽ വീടു നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ഒരു കുഞ്ഞു ബാലിക, ഒരു നായക്കുട്ടിയെ പരിചരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.
ഗാസയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു അഭയാർത്ഥി ക്യാമ്പിന് സമീപത്തുനിന്നുള്ളതാണ് വീഡിയോ. കുട്ടിയുടെ തൊട്ടടുത്ത് കിടക്കുന്ന നായയുടെ കൈകൾ പെൺകുട്ടി പതിയെ തലോടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നായയുടെ കൈ തന്റെ കാലിലേക്ക് എടുത്തുവെച്ചാണ് കുട്ടി ആദ്യം തലോടുന്നത്. പിന്നീട് നായയുടെ ഉടലാകെയും കുട്ടി തലോടുന്നുണ്ട്. ടൈംസ് ഓഫ് ഗാസ ചാനലാണ് ഈ വീഡിയോ ദൃശ്യം പുറത്തുവിട്ടത്.
Watch | The innocence and compassion of a Gazan child. pic.twitter.com/fc13S3cuvx
— TIMES OF GAZA (@Timesofgaza) January 27, 2024
അതേസമയം, ഇന്ന് ഖാൻ യൂനിസിലും റഫായിലുമാണ് ഐ.സി.ജെ ഇടക്കാല ഉത്തരവിന് പുല്ലുവില കൽപ്പിച്ചുകൊണ്ട് ഇസ്രായിൽ ആക്രമണം തുടരുന്നത്. ഖാൻ യൂനിസിലെ ഏറ്റവും വലിയ ആശുപത്രിയായ നസ്സർ ആശുപത്രി ആക്രമണത്തെ തുടർന്ന് സമ്പൂർണമായി വൈദ്യുതി നിലച്ച അവസ്ഥയിലാണ്. റഫായിൽ ഒരു താമസ കെട്ടിടത്തിലുണ്ടായ ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
24 മണിക്കൂറിനിടെ ഗാസയിൽ 174 പേർ കൊല്ലപ്പെട്ടുവെന്നും 310 പേർക്ക് പരിക്കേറ്റുവെന്നും ഗാസ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ ഉണ്ടായ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 26257 ആയി. പരിക്കേറ്റവർ 64797 ആണ്.
ആക്രമത്തിന് പിന്നാലെ വിദേശത്തുനിന്നുള്ള സഹായം എത്തിക്കുന്നതിനും നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഗാസയിലെ 22 ലക്ഷം ജനങ്ങൾ പട്ടിണിയിലാണെന്ന് യു.എൻ വക്താവ് പറഞ്ഞു. അതിനിടെ ഇസ്രായിലിന്റെ ആരോപണത്തിന് പിന്നാലെ ഫലസ്തീനിൽ അഭയാർഥികൾക്ക് സഹായം എത്തിക്കുന്ന യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള വിവിധ പാശ്ചാത്യ രാജ്യങ്ങൾ നിർത്തിവെച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






