ഹജ് താമസം: മക്കയില്‍ നാലായിരം കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കും, അഞ്ചുലക്ഷം മുറികള്‍

മക്ക - ഈ വര്‍ഷം വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ മക്കയില്‍ ആകെ അഞ്ചു ലക്ഷം മുറികളുള്ള 4,000 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ മക്ക നഗരസഭ ലക്ഷ്യമിടുന്നതായി നഗരസഭാ വക്താവ് ഉസാമ സൈത്തൂനി പറഞ്ഞു. ആകെ 20 ലക്ഷം ഹാജിമാര്‍ക്ക് താമസസൗകര്യം നല്‍കാന്‍ ശേഷിയുള്ള കെട്ടിടങ്ങള്‍ക്കാണ് ലൈസന്‍സ് നല്‍കുന്നത്. ഇതുവരെ 1,000 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഇവയില്‍ ഒന്നര ലക്ഷം ഹാജിമാര്‍ക്ക് പാര്‍പ്പിട സൗകര്യം ലഭിക്കും. ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ ആഗ്രഹിക്കുന്ന കെട്ടിട ഉടമകളില്‍ നിന്ന് ലൈസന്‍സ് അപേക്ഷകള്‍ വര്‍ധിച്ചുവരികയാണ്. റജബ് മാസം അവസാനം വരെ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും ഉസാമ സൈത്തൂനി പറഞ്ഞു.

 

Latest News