Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നീക്കമെന്ന് സൗദി അറാംകൊ

ജിദ്ദ - ഇന്ത്യയിലും ചൈനയിലും റിഫൈനിംഗ്, കെമിക്കല്‍സ് ബിസിനസ് വിപുലീകരിക്കാനും കൂടുതല്‍ ഏറ്റെടുക്കല്‍ നടത്താനും നീക്കമുള്ളതായി സൗദി അറാംകൊയില്‍ റിഫൈനിംഗ്, കെമിക്കല്‍സ് വിഭാഗം പ്രസിഡന്റ് മുഹമ്മദ് യഹ്‌യ അല്‍ഖഹ്താനി പറഞ്ഞു. സൗദി അറാംകൊ ഉല്‍പാദിപ്പിക്കുന്ന ഭൂരിഭാഗം ക്രൂഡ് ഓയിലും ഏഷ്യയിലാണ് വില്‍ക്കുന്നത്. ക്രൂഡ് ഓയിലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കുമുള്ള ആവശ്യം ഏഷ്യയില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈനയില്‍ റിഫൈനിംഗ്, കെമിക്കല്‍സ് മേഖലയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനും കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്താനും സൗദി ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള സൗദി അറാംകൊ ഇതിനകം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പെട്രോകെമിക്കല്‍സ്, എണ്ണ സംസ്‌കരണ മേഖലയില്‍ നടത്തിയ നിക്ഷേപങ്ങളിലൂടെ 2016 മുതല്‍ കമ്പനി 8,000 കോടിയിലേറെ റിയാല്‍ വരുമാനം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ പ്രമുഖ എണ്ണ കമ്പനിയുടെ ഓഹരികള്‍ സൗദി അറാംകൊ സ്വന്തമാക്കിയിരുന്നു. മറ്റു രണ്ടു കമ്പനികള്‍ വാങ്ങുന്നതിനെ കുറിച്ച് അറാംകൊ നിലവില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ആഗോള തലത്തില്‍ ഊര്‍ജ പരിവര്‍ത്തനത്തോടെ ഗതാഗത മേഖലയില്‍ എണ്ണയുപയോഗം കുറയാന്‍ സാധ്യതയുണ്ടെങ്കിലും പ്ലാസ്റ്റിക് അടക്കമുള്ള ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പെട്രോകെമിക്കല്‍സിനുള്ള ആവശ്യം വരും ദശകങ്ങളിലും വര്‍ധിക്കുമെന്നാണ് സൗദി അറേബ്യ കരുതുന്നത്.
സൗദി അറാംകൊയെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ വളര്‍ച്ചയുള്ള വിപണികള്‍ ഇന്ത്യയും ചൈനയും തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുമാണെന്ന് മുഹമ്മദ് യഹ്‌യ അല്‍ഖഹ്താനി പറഞ്ഞു. ഇന്ത്യയിലും ചൈനയിലും പുതിയ ഏറ്റെടുക്കലുകള്‍ നടത്താനും നിലവിലുള്ള പദ്ധതികള്‍ വിപുലീകരിക്കാനും അവസരങ്ങള്‍ അന്വേഷിച്ചുവരികയാണ്. പുതിയ ഇടപാടുകളെ കുറിച്ച ചര്‍ച്ചകള്‍ക്ക് നിലവില്‍ ചൈനയില്‍ അറാംകൊ സംഘങ്ങളുണ്ടെന്നും മുഹമ്മദ് യഹ്‌യ അല്‍ഖഹ്താനി പറഞ്ഞു.
നേരത്തെ ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ സൗദി അറാംകൊ നീക്കം നടത്തിയിരുന്നു. റിലയന്‍സിനു കീഴില്‍ ക്രൂഡ് ഓയില്‍ പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങളാക്കി മാറ്റുന്ന യൂനിറ്റിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങാന്‍ നോണ്‍-ബൈന്റിംഗ് ലെറ്റര്‍ ഓഫ് ഇന്റന്റ് 2019 ഓഗസ്റ്റില്‍ അറാംകൊ ഒപ്പുവെച്ചിരുന്നു. ഈ ഇടപാടില്‍ നിന്ന് പിന്‍വാങ്ങുന്നതായി 2021 ല്‍ ഇരു കമ്പനികളും അറിയിച്ചു. ഞങ്ങളെ സംബന്ധിച്ചേടത്തോളം റിലയന്‍സ് വലിയ ഇടപാടുകാരാണ്. റിലയന്‍സുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ സൗദി അറാംകൊ ആഗ്രഹിക്കുന്നു - അല്‍ഖഹ്താനി പറഞ്ഞു.
പരിവര്‍ത്തന വ്യവസായ മേഖലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ സൗദി അറാംകൊ ശ്രമിക്കുന്നതിനിടെ ഇതേ മേഖലയില്‍ വന്‍ ഇടപാടുകള്‍ നടത്താന്‍ യു.എ.ഇയും ശ്രമിക്കുന്നുണ്ട്. ജര്‍മന്‍ കെമിക്കല്‍ കമ്പനിയായ കൊവെസ്‌ട്രോ 1,200 കോടി ഡോളറിന് സ്വന്തമാക്കാനുള്ള ഓഫര്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജര്‍മനിയിലെ ഒ.സി.ഐ.എന്‍.വി കമ്പനി ഏറ്റെടുക്കുന്നതിനെ കുറിച്ചും അഡ്‌നോക് പഠിക്കുന്നുണ്ട്. 2020 ല്‍ 7,000 കോടി ഡോളറിന് സാബികിന്റെ ഭൂരിഭാഗം ഓഹരികളും സൗദി അറാംകൊ സ്വന്തമാക്കിയിരുന്നു. ലോകം മുഴുവന്‍ കെമിക്കല്‍സ് മേഖലയില്‍ നിക്ഷേപം നടത്തിയ സാബികിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയത് പെട്രോകെമിക്കല്‍സ് മേഖലയിലെ അഭിലാഷങ്ങള്‍ വേഗത്തിലാക്കാന്‍ അറാംകൊയെ സഹായിച്ചു. പ്രതിദിനം 40 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ രാസവസ്തുക്കളാക്കി മാറ്റുകയെന്ന ദീര്‍ഘകാല ലക്ഷ്യം കൈവരിക്കാന്‍ സൗദി അറാംകൊക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

 

Latest News