Sorry, you need to enable JavaScript to visit this website.

നിതീഷ് കുമാറിനൊപ്പം കോൺഗ്രസ് എം.എൽ.എമാരുമെന്ന് സൂചന, നാളെ നിർണായകം

ന്യൂദൽഹി-ഇന്ത്യ മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഉടൻ രാജിവെച്ചേക്കും. നിതീഷ് കുമാർ  മുഖ്യമന്ത്രി സ്ഥാനം ഉടൻ രാജിവെക്കുമെന്നും ജെ.ഡി.യു എം.എൽ.മാരോടപ്പം നിരവധി കോൺഗ്രസ്സ് എം എൽ എമാരും അദ്ദേഹത്തോടപ്പമുണ്ടാകുമെന്നും ജെ.ഡി.യു വൃത്തങ്ങൾ വ്യക്തമാക്കി. രാജിവെച്ച് തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കുമെന്നു അവർ പറഞ്ഞു. ഞായറാഴ്ച നിതീഷ് ഒമ്പതാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ബി ജെ പിയുടെ സുശീൽ മോദി ഉപമുഖ്യമന്ത്രിയായേക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിതീഷ് കുമാർ ബി ജെ പിയുമായി ചർച്ച നടത്തിവരുന്നുണ്ട്. കോൺഗ്രസ്സും ആർ ജെഡിയും അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ട സ്ഥിതിയാണുള്ളത്. കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടും നിതീഷ് പ്രതികരിക്കുന്നില്ലെന്ന് ആർ.ജെ.ഡി നേതൃത്വം ഇന്നലെ വ്യക്തമാക്കി. നിതീഷ് കുമാറിൽ നിന്ന് പാർട്ടി നേതൃത്വത്തിന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് ആർ.ജെ.ഡി നേതാക്കൾ വ്യക്തമാക്കി. അതേസമയം, നിതീഷിന്റെ നീക്കത്തിൽ ജെ.ഡി.യുവിലും അതൃപ്തിയുണ്ടെന്നാണ് റിപോർട്ട്. മഹാസഖ്യം ഉപേക്ഷിക്കരുതെന്ന് മുൻ അധ്യക്ഷൻ ലലൻ സിംഗടക്കം ഒരു വിഭാഗം നേതാക്കൾ നിതീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അനുസരിക്കാൻ തയ്യാറല്ലെന്നാണ് നിതീഷ് കുമാറും ജെ.ഡി.യുവിലെ വലിയൊരു വിഭാഗവും പറയുന്നത്. ജെ.ഡി.യുവിന്റെ എല്ലാ എംഎൽഎമാരോടും പാട്‌നയിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. നാളെ ജെഡിയു നിയമസഭ കക്ഷി യോഗംവിളിച്ചിട്ടുണ്ട് നിതീഷ് കുമാർ അതിനിടെ, ഇന്ന് പാറ്റ്‌നയിൽ ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ചേർന്നു. ഇന്ത്യ മുന്നണിയിൽ പ്രധാനമന്ത്രി സ്ഥാനാർഥി സ്ഥാനം നൽകാത്തതും ലോക്‌സഭ സീറ്റിനെ ചൊല്ലി ആർജെഡിയുമായുണ്ടായ അസ്വരസ്യവുമാണ് നിതീഷിന്റെ നീക്കത്തിന് പിന്നിൽ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ. പിയുമായി ചേരുന്നതാണ് ഏറ്റവും അനുയോജ്യമായ ഘടകമെന്നും നിതീഷ് വിലയിരുത്തുന്നുണ്ട്.

Latest News