കണ്ണൂർ-ഗവർണർക്ക് നേരെ നടന്ന എസ്.എഫ്.ഐ പ്രതിഷേധത്തെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരമാണുള്ളതെന്ന് ഇ.പി ചോദിച്ചു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനമാണ്. കേരളത്തിന്റെ ചരിത്രത്തിൽ ലക്കും ലഗാനും ഇല്ലാതെ ഏതെങ്കിലും ഗവർണർ ഇതുപോലെ അഴിഞ്ഞാടിയിട്ടുണ്ടോ? ആരിഫ് മുഹമ്മദ് ഖാനെ അടിയന്തിരമായി കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണം. നിയമസഭയോടും ജനങ്ങളോടും ഭരണഘടനയോടും അനാദരവാണ് കാണിച്ചത്. അദ്ദേഹം ചെയ്തതത് ക്രിമിനൽ കുറ്റമാണ്. റോഡ് ഉപരോധിച്ചു. ഗതാഗതം തടസ്സപ്പെടുത്തി. ആരെങ്കിലും ആഭ്യന്തര മന്ത്രിയെ റോഡരികിൽ ഇരുന്നു വിളിക്കുമോ. സുരക്ഷ കാറ്റഗറി മാറ്റിയാലും ഒരു കുഴപ്പവും ഇല്ല. ഇതിനു പിന്നിൽ സതീശന്റെ ഉപദേശം ഉണ്ടോ എന്നും നോക്കണം. റോഡിൽ കുത്തിയിരുന്ന് മാർഗ തടസം ഉണ്ടാക്കി. വിദ്യാർത്ഥികളെ തെറി പറഞ്ഞു. അദ്ദേഹം ഒരു ഗവർണറല്ലേ, ഈ നാട് ലജ്ജിച്ചു തലതാഴ്ത്തുകയാണ്. കേന്ദ്രം ഭരിക്കുന്നവർ ഇതിൽ മറുപടി പറയണം. അവരാണ് ഗവർണറെ അഴിഞ്ഞാടാൻ വിടുന്നത്. പോലീസ് എല്ലാവർക്കും സംരക്ഷണം കൊടുക്കുന്നുണ്ട്. ജയരാജൻ പറഞ്ഞു.
വണ്ടി നിർത്തി എസ്.എഫ്.ഐക്കാർക്ക് എതിരെ കേസെടുക്കാൻ പറയാൻ ഗവർണർക്ക് ആരാണ് അധികാരം കൊടുത്തത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് പറയാൻ ഗവർണർക്ക് എന്താണ് അധികാരം. ഗവർണറാണോ പോലീസ്? ഗവർണറാണോ കേരളത്തിൽ ക്രമസമാധാനം നടപ്പിലാക്കുന്നത്. ഒരു കുടയും കുറച്ചു വെള്ളവും കൊടുത്ത് അവിടെ തന്നെ ഗവർണറെ ഇരുത്തണമായിരുന്നു. കേന്ദ്രഗവർൺമെന്റ് അടിയന്തിരമായി അദ്ദേഹത്തെ തിരിച്ചു വിളിക്കണം ഇ.പി ആവശ്യപ്പെട്ടു. ഗവർണറുടെ നാടകം കൊണ്ട് ഇടതുമുന്നണിക്ക് ജനപിന്തുണ കൂടുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.