Sorry, you need to enable JavaScript to visit this website.

മക്കയിൽ അനസ്‌തേഷ്യ മരുന്ന് മോഷ്ടിച്ച നഴ്‌സ് അറസ്റ്റിൽ

മക്ക - നഗരത്തിലെ വൻകിട സർക്കാർ ആശുപത്രിയിൽ നിന്ന് അനസ്‌തേഷ്യ മോഷ്ടിച്ച നഴ്‌സിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷനും അസീസിയ പോലീസ് സ്റ്റേഷനും ചോദ്യം ചെയ്തുവരികയാണ്. കാർഡിയാക് കെയർ വിഭാഗത്തിൽ നിന്ന് മരുന്ന് മോഷണം പോയതായി ആശുപത്രി അധികൃതർ ഏകീകൃത സെക്യൂരിറ്റി കൺട്രോൾ സെന്ററിൽ 911 ൽ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. മരുന്ന് മോഷണം ആശുപത്രിയിലെ സി.സി.ടി.വി ചിത്രീകരിച്ചതായും ഒ.പി വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്‌സ് ആണ് കവർച്ചക്ക് പിന്നിലലെന്നും ആശുപത്രി അധികൃതർ പരാതിയിൽ പറഞ്ഞു.
തുടർന്ന് സുരക്ഷാ വകുപ്പുകൾ ആശുപത്രിയിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഷിഫ്റ്റ് മാറുന്നതിന് കാൽ മണിക്കൂർ മുമ്പ് നഴ്‌സ് കാർഡിയാക് കെയർ വിഭാഗത്തിൽ പ്രവേശിച്ച് സഹപ്രവർത്തകരായ മറ്റു നഴ്‌സുമാരുടെ ശ്രദ്ധ വെട്ടിച്ച് ശക്തികൂടിയ വേദന സംഹാരിയായി ഉപയോഗിക്കുന്ന ഫെന്റനൈൽ എന്ന മരുന്നിന്റെ ഏതാനും ആംപ്യൂളുകൾ മോഷ്ടിച്ചതായി വ്യക്തമായി. കാർഡിയാക് കെയർ വിഭാഗത്തിൽ നിന്ന് മോഷ്ടിച്ച മരുന്നുകളുമായി രക്ഷപ്പെടുന്നതിനു മുമ്പായി സെക്യൂരിറ്റി ജീവനക്കാരെ കണ്ട നഴ്‌സ് കുടുങ്ങുമെന്ന് ബോധ്യമായതോടെ തടിയൂരാൻ ശ്രമിച്ച് മയക്കുമരുന്ന് ഗോവണിയിൽ ഒഴിവാക്കി. ഈ ദൃശ്യങ്ങളും സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. സംഭവത്തിൽ വിശദമായ പ്രാഥമികാന്വേഷണ റിപ്പോർട്ട് തയാറാക്കിയ ആശുപത്രി അധികൃതർ സി.സി.ടി.വ ദൃശ്യങ്ങൾ സഹിതരം നഴ്‌സിനെ അസീസിയ പോലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം തുടരുകയാണ്.
 

Latest News