Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടികള്‍ തല ചുറ്റി  വീഴുന്ന പരശുരാം എക്‌സ്പ്രസ് 

വടകര-രാവിലെ എട്ടിന് മുമ്പ് വടകര വഴി കടന്നു പോകുന്ന പരശുരാം എക്‌സ്പ്രസ് കോഴിക്കോട്ടെത്തി മക്കള്‍ കോളജിലോ ഓഫീസിലോ എത്തുന്നത് വരെ അമ്മമാര്‍ക്ക് നെഞ്ചില്‍ തീയാണ്. മംഗലാപുരം-നാഗര്‍കോവില്‍ പരശുരാം എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ തിരക്ക് കാരണം നിത്യേന ബോധം കെട്ടു വീഴുകയാണ്. തലശ്ശേരി, വടകര സ്‌റ്റേഷനുകളില്‍ നിന്ന് കയറുന്ന പെണ്‍കുട്ടികള്‍ക്കും ഉദ്യോഗസ്ഥകള്‍ക്കുമാണ് ദുരനുഭവം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പത്ത് പെണ്‍കുട്ടികളാണ് ബോധം കെട്ടു വീണത്. കഴിഞ്ഞ ദിവസവും വടകരയ്ക്കും കൊയിലാണ്ടിക്കുമിടയില്‍ ഒരു പെണ്‍കുട്ടി തല കറങ്ങി വീണു. അടുത്തത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. സഹയാത്രികരുടെ സന്മനസ് കൊണ്ട് മാത്രം പ്രാഥമിക ശുശ്രൂഷ ലഭിക്കുന്നു. കൊയിലാണ്ടി, വടകര സ്റ്റേഷനുകളില്‍ ആംബുലന്‍സ് തയറാക്കി വെക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് പതിവു യാത്രക്കാര്‍ പറയുന്നു. പരശുരാം തുടങ്ങിയ കാലത്ത് കേരളത്തിലൂടെ ഓടിയ ട്രെയിനായിരുന്നു. നാല് ദശകങ്ങള്‍പ്പുറം സര്‍വീസ് ആരംഭിച്ച കാലമല്ല ഇത്. ഇപ്പോള്‍ കര്‍ണാടകയിലെ മംഗളുരുവില്‍ നിന്ന് തമിഴുനാട്ടിലെ നാഗര്‍കോവിലേക്ക് സര്‍വീസ് നടത്തുന്നു. രാവിലെ ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും എത്താന്‍ ആശ്രയിക്കുന്ന പ്രധാന ട്രെയിനാണിത്. തുടങ്ങിയ കാലത്ത് വടകരയില്‍ നിന്ന് പത്തില്‍ താഴെ യാത്രക്കാരാണ് കയറിയിരുന്നതെങ്കില്‍ ഇപ്പോള്‍ ആയിരത്തോളം  യാത്രക്കാരുണ്ട്. കണ്ണൂര്‍, തലശ്ശേരി സ്‌റ്റേഷനുകളില്‍ നിന്നും ധാരാളം യാത്രക്കാര്‍. ശ്വാസം മുട്ടി നില്‍ക്കുന്ന യാത്രക്കാര്‍ മോഹാലസ്യപ്പെട്ട് വീഴുന്നതില്‍ അത്ഭതുമേയില്ല. ഈ ട്രെയിനിന്  കൂടുതല്‍ കോച്ചുകള്‍ ഘടിപ്പിച്ചാല്‍ പ്രശ്‌നത്തിന് അല്‍പം ശമനമാകും. ഇക്കാര്യം സ്ഥലം എം.എല്‍.എ കെ.കെ രമ റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതാണ്. നാഗര്‍കോവില്‍ സ്‌റ്റേഷനിലെ പ്ലാറ്റുഫോം ജോലി പൂര്‍ത്തിയായാല്‍ ഇത് പരിഗണിക്കാമെന്നാണ് റെയില്‍
വേ ഡിവിഷണല്‍ മാനേജര്‍ രമയ്ക്ക് വാക്ക് നല്‍കിയത്. വടകര എം.പി കെ. മുരളീധരന്‍ പാര്‍ലമെന്റിലും വിഷയം ഉന്നയിച്ചിട്ടുണ്ട്. കൂടുതല്‍ ബോഗി ഘടിപ്പിക്കാനായില്ലെങ്കില്‍ കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ പരശുരാമിന് മുമ്പിലോ പിന്നിലോ ആയി പത്ത് ബോഗിയുള്ള മെമു ട്രെയിന്‍ അനുവദിച്ചാലും മതിയെന്ന് യാത്രക്കാര്‍ പറയുന്നു. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ പലതും പുനരാരംഭിക്കാത്ത സെക്ഷനാണ് കണ്ണൂര്‍-കോഴിക്കോട്. 80കളില്‍ ഒരു പരശുരാം എക്‌സ്പ്രസ് മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ പത്ത് പരശുരാമിനുള്ള യാത്രക്കാര്‍ കേരളത്തിലുണ്ട്. കേരളത്തില്‍ പകല്‍ ഓടുന്ന ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ സ്‌റ്റോപ്പുള്ളതും പരശുരാം എക്‌സ്പ്രസിനാണ്-അമ്പത് സ്റ്റോപ്പുകള്‍. വടകരയിലെ അമ്മമാരുടെ കണ്ണീരിന് അടുത്ത കാലത്തെങ്ങാനും പരിഹാരമുണ്ടാവുമോ? 
 

Latest News