ന്യൂദൽഹി- കേരളത്തിലെ മെഡിക്കൽ പ്രവേശന നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി സുപ്രീംകോടതി സെപ്റ്റംബർ 10 വരെ നീട്ടി പ്രളയ കെടുതി കാരണം നിരവധി വിദ്യാർത്ഥികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ആയതിനാൽ സമയപരിധി നീട്ടണമെന്ന സർക്കാർ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. മെഡിക്കൽ കൗൺസിലിംഗിന്റെയും വിദ്യാർത്ഥികളുടെ പ്രവേശനത്തിനുമുള്ള അവസാന തീയതി ഓഗസ്റ്റ് 31 ൽ നിന്ന് സെപ്തംബർ 15 ലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. പ്രളയം മൂലം കൗൺസിലിംഗിനും പ്രവേശനത്തിനും അർഹരായ നിരവധി വിദ്യാർഥികൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. അതിനാൽ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സമയത്ത് ഇവർക്ക് നടപടികൾക്കായി എത്താൻ സാധിക്കില്ലെന്നും അതുകൊണ്ടു തന്നെ തീയതി നീട്ടണമെന്നുമാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത്.