Sorry, you need to enable JavaScript to visit this website.

ഇസ്രായിലിന്റെ ഖത്തര്‍ വിരുദ്ധ പ്രസ്താവനയെ എതിര്‍ത്ത് അമേരിക്ക

വാഷിങ്ടണ്‍- ഖത്തറിനെതിരായ ഇസ്രായിലിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ അമേരിക്ക. ഗാസയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ ഖത്തറിന് അനിഷേധ്യമായ പങ്കാണുള്ളതെന്ന് യു. എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.

യു. എസിന്റെ സുപ്രധാന പ്രാദേശിക പങ്കാളിയാണ് ഖത്തറെന്ന് വിശദമാക്കിയ അമേരിക്ക ഇസ്രായിലും ഹമാസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മധ്യസ്ഥത വഹിക്കുന്നതില്‍ പകരംവെക്കാനാവാത്ത ഘടകമാണ് ഖത്തറെന്നും വിശദമാക്കി.  

ചീപ്പെസ്റ്റ് ഫെയറില്‍ ചതിക്കുഴികളുണ്ട്; പ്രവാസികള്‍ വിമാന ടിക്കറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ പ്രശ്‌നക്കാരാണെന്നാണ് നെതന്യാഹു പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് പട്ടേല്‍ വിശദീകരണം നല്‍കിയത്.  

ബന്ധികളുടെ കുടുംബക്കാരോട് സംസാരിക്കവെയാണ് നെതന്യാഹു ഖത്തറിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. തന്റെ കാഴ്ചപ്പാടില്‍ ഐക്യരാഷ്ട്രസഭയെയും റെഡ് ക്രോസിനെയും പോലെയാണ് ഖത്തറെന്നും മാത്രമല്ല അവരേക്കാള്‍ കൂടുതല്‍ പ്രശ്‌നക്കാരാണെന്നുമാണ് നെതന്യാഹു പറഞ്ഞത്.  

തനിക്ക് ഖത്തറിനെ കുറിച്ച് മിഥ്യാ ധാരണകളൊന്നുമില്ലെന്നും അവര്‍ക്ക് ഹമാസിനുമേല്‍ സ്വാധീനമുള്ളതിന് കാരണം ഫണ്ട് നല്‍കുന്നതാണെന്നും നെതന്യാഹു ആരോപിക്കുകയും ചെയ്തു. ഖത്തറിലെ യു എസ് സൈനിക സാന്നിധ്യം 10 വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള കരാര്‍ പുതുക്കിയതിന് തനിക്ക് അമേരിക്കയോട് അടുത്തിടെ ദേഷ്യം തോന്നിയെന്നും നെതന്യാഹു പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. 

ബന്ദികളെ മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച തങ്ങളെ അധിക്ഷേപിച്ചത് ബാക്കിയുള്ളവരുടെ മോചനത്തെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇസ്രായിലിന് നല്‍കിയത്. മാത്രമല്ല നെതന്യാഹുവിന്റെ പരാമര്‍ശങ്ങളില്‍ അമ്പരപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. എങ്കിലും നെതന്യാഹു ഇങ്ങനെ പറയുന്നതില്‍ അതിശയമില്ലെന്നും ഖത്തര്‍ വിശദമാക്കിയിരുന്നു. മധ്യസ്ഥ പ്രക്രിയയെ തുരങ്കം വെക്കാനാണ് ഇസ്രായില്‍ ശ്രമിക്കുന്നതെന്നും ഖത്തര്‍ കുറ്റപ്പെടുത്തി.

Latest News