ഇസ്ലാമാബാദ്- ഉന്നത വ്യക്തിത്വങ്ങള്‍ക്കും അധികാരികള്‍ക്കും പാക്കിസ്ഥാനിലെ എയര്‍പോര്‍ട്ടുകളിലുടനീളം നല്‍കി വന്നിരുന്ന വി.ഐ.പി പരിഗണന സര്‍ക്കാര്‍ വിലക്കി. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ഈ സുരക്ഷ ഉന്നതര്‍ക്കായി നല്‍കി വന്നിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതു കര്‍ക്കശമായി നടപ്പാക്കാനും എല്ലാ യാത്രക്കാര്‍ക്കും വിവേചനമില്ലാതെ തുല്യപരിഗണന നല്‍കാനും നിര്‍ദേശിക്കുന്ന ഉത്തരവ് ബന്ധപ്പെട്ട് അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. എയര്‍പോര്‍ട്ടിലെത്തുന്ന വിഐപികള്‍ എഫ്.ഐ.എയുടെ സഹായം തേടുന്നത് പതിവാണ്. ഇവരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കുക എഫ്.ഐ.എ ഉദ്യോഗസ്ഥരാകും. രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, സൈനിക ഓഫീസര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരുന്നു വി.ഐ.പി പ്രോട്ടോകോള്‍ പരിഗണനയും നല്‍കിവന്നിരുന്നത്.
ഇതു നിരോധിച്ചതോടെ ആര്‍ക്കെങ്കിലും വിഐപി പരിഗണന നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടികള്‍ എഫ്.ഐ.എ ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട ഇമിഗ്രേഷന്‍ സ്റ്റാഫ്/ ചാര്‍ജുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.