ബ്രഹ്മഗിരി സൊസൈറ്റി:നിക്ഷേപകരില്‍ മൂന്നു പേര്‍ 'അറ്റാച്ച്‌മെന്റ് ബിഫോര്‍ ജഡ്ജ്‌മെന്റ്' ഉത്തരവ് നേടി

കല്‍പറ്റ-വയനാട് മീനങ്ങാടി ബ്രഹ്മഗിരി ഡവല്പ്‌മെന്റ് സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയവരില്‍ മൂന്നു പേര്‍ സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍നിന്നു 'അറ്റാച്ച്‌മെന്റ് ബിഫോര്‍ ജഡ്ജ്‌മെന്റ്' ഉത്തരവ് നേടി. നിലവില്‍ വിദേശത്തുള്ള മീനങ്ങാടി കുമ്പളേരി കിനാലത്ത് ജോബി കെ.മാത്യു, മാതാവ് മറിയാമ്മ, ഭാര്യ സൂസന്‍ എന്നിവരാണ് ഉത്തരവ് സമ്പാദിച്ചത്. ഇവര്‍ക്കുവേണ്ടി പവര്‍ ഓഫ് അറ്റോര്‍ണി കോടഞ്ചേരി നെല്ലിപ്പൊയില്‍ ഉന്നത്തിങ്കല്‍ ഒ.ജെ.ജോസഫ് ബത്തേരി ബാറിലെ കെ.ജെ.വിജയകുമാര്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് സബ് ജഡ്ജ് ഷീജ ജനാര്‍ദനന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സൊസൈറ്റിയുടെ കൈവശം മഞ്ഞാടി, കൊളഗപ്പാറ എന്നിവിടങ്ങളിലുള്ളതില്‍ മൂന്ന് സ്വത്തുക്കളാണ് കോടതി അറ്റാച്ച് ചെയ്തത്. ഇതോടെ ഈ സ്വത്തുക്കളുടെ വില്‍പന സൊസൈറ്റിക്കു നടത്താന്‍ കഴിയാത്ത സ്ഥിതിയായി. പലിശയടക്കം ഒരു കോടയില്‍പരം രൂപയാണ് ഹരജിക്കാര്‍ക്ക് സൊസൈറ്റിയില്‍നിന്നു ലഭിക്കാനുള്ളത്. ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, സൊസൈറ്റി ചെയര്‍മാന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്നിവരെ എതിര്‍കക്ഷികളാളാക്കി സിവില്‍ നിയമത്തിലെ 26-ാം വകുപ്പ് പ്രകാരമാണ് നിക്ഷേപകര്‍ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കൊടിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  സൊസൈറ്റി സ്വത്തുക്കള്‍ വില്‍ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നിക്ഷേപകര്‍ 'അറ്റാച്ച്‌മെന്റ് ബിഫോര്‍ ജഡ്ജ്‌മെന്റ്' ഉത്തരവിനു കോടതിയെ സമീപിച്ചത്.
പണം നഷ്ടപ്പെടാതിരിക്കുന്നതിന് മറ്റു നിക്ഷേപകരും നീക്കം നടത്തിവരികയാണ്. ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന് നിക്ഷേപകരില്‍ ഒരു വിഭാഗം ഞായറാഴ്ച ഉച്ചയ്ക്ക് ബത്തേരിയില്‍ യോഗം ചേരുന്നുണ്ട്.
കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തി പതിറ്റാണ്ടുകള്‍ മുമ്പ് പ്രവര്‍ത്തനം തുടങ്ങിയതാണ് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി. ആരംഭകാലം മുതല്‍ സി.പി.എം നിയന്ത്രണത്തിലാണ് സ്ഥാപനം.  നിലവില്‍  ഡയറക്ടര്‍ ബോര്‍ഡിലുള്ള 21 അംഗങ്ങളില്‍ അഞ്ചു പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മറ്റുള്ളവരില്‍ വൈസ് ചെയര്‍മാന്‍ പദവിയിലുള്ള ഒരാളൊഴികെയുള്ളവര്‍ സി.പി.എം പ്രതിനിധികളാണ്. സി.പി.എം നേതാവും എം.എല്‍.എയുമായിരുന്ന അന്തരിച്ച പി.വി.വര്‍ഗീസ് വൈദ്യരാണ് സ്ഥാപക ചെയര്‍മാന്‍. കര്‍ഷക സംഘം ദേശീയ ഫിനാന്‍സ് സെക്രട്ടറിയും ബത്തേരി മുന്‍ എം.എല്‍.എയുമായ പി.കൃഷ്ണപ്രസാദ് ചെയര്‍മാനായിരുന്ന കാലത്താണ് വിവിധ പ്രോജക്ടുകളുടെ ഫലപ്രദമായ നിര്‍വഹണത്തിനു സൊസൈറ്റി നിക്ഷേപ സമാഹരണം നടത്തിയത്. റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങിയവരാണ്  നിക്ഷേപ സമാഹരണവുമായി സഹകരിച്ചത്. സിപിഎം അംഗങ്ങളോ അനുഭാവികളോ ആണ് ഇവരില്‍ അധികവും. 600ല്‍പരം വ്യക്തികളാണ് സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ നിക്ഷേപം നടത്തിയത്. ഇത്രയും പേര്‍ക്ക്  ഏകദേശം 68 കോടി രൂപയാണ് ലഭിക്കാനുള്ളത്. സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പ ഇനത്തിലും മറ്റും 20 കോടിയോളം രൂപ വേറെയും സൊസൈറ്റിക്കു ബാധ്യതയുണ്ട്. മലബാര്‍ മീറ്റ് ഉള്‍പ്പെടെ പ്രോജക്ടുകള്‍ നഷ്ടത്തില്‍ കലാശിച്ചതാണ് സൊസൈറ്റിയെ പ്രതിസന്ധിയിലാക്കിയത്.
സൊസൈറ്റി പത്തര ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപമായി സ്വീകരിച്ച പണം തിരികെ നല്‍കാത്തതു സംബന്ധിച്ച് നവകേരള സദസ്സില്‍ 200 ഓളം പേര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതികളില്‍ ഏറെയും റവന്യൂ,  പോലീസ് കാര്യാലയങ്ങളിലേക്ക് വിടുകയാണുണ്ടായത്. നാലു വര്‍ഷം മുമ്പാണ് സൊസൈറ്റി നിക്ഷേപ സമാഹരണം തുടങ്ങിയത്.  2022 ജൂലൈ മുതലാണ് നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാതായത്.  ബ്രഹ്മഗിരി സൊസൈറ്റിയില്‍ 'നിക്ഷേപം' നടത്തിയെന്ന് തെളിയിക്കാനുതകുന്ന രേഖകള്‍ ആളുകളുടെ പക്കലില്ല. പണം കടം വാങ്ങിയതിനുള്ള രേഖയാണ് സൊസൈറ്റി നിക്ഷേപകര്‍ക്ക് നല്‍കിയത്.

Latest News