കാനഡയ്ക്കും യു. എസിനും പിന്നാലെ പാകിസ്താനിലും ഇന്ത്യന്‍ ഏജന്റുമാര്‍ കൊല നടത്തിയെന്ന് ആരോപണം

ഇസ്ലാമാബാദ്- കാനഡയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ഇന്ത്യ മറ്റൊരു രാജ്യത്ത് കയറി കൊലപാതകം നടത്തുന്നതിനെതിരെ തെളിവുമായി പാകിസ്താന്‍. ഇന്ത്യന്‍ ഏജന്റുമാര്‍ പാകിസ്താനില്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയെന്നാണ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് സൈറസ് സജ്ജാദ് ഖാസി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിന് വിശ്വസനീയമായ തെളിവുകളുണ്ടെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. 

കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് നിജ്ജാറിനെ കൊലപ്പെടുത്തുകയും അമേരിക്കയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അഭിഭാഷകനും പ്രമുഖ സിഖ് പ്രവര്‍ത്തകനുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂനെതിരെ വധശ്രമം നടത്തിയെന്നും ആരോപണം നേരിടുന്ന ഇന്ത്യ പാകിസ്താനിലും ഇതേ പ്രവര്‍ത്തി നിര്‍വഹിച്ചുവെന്നത് ഇന്ത്യയെ പ്രതിസ്ഥാനത്താക്കുന്നുണ്ട്. കാനഡയിലെ കൊലപാതകവുമായി പാകിസ്താനില്‍ രണ്ടുപേരെ വധിച്ചതിന് സാമ്യമുണ്ടെന്നും പാകിസ്താന്‍ പറയുന്നു. 

പാകിസ്ഥാനില്‍ കൊലപാതകങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ ഏജന്റുമാര്‍ സാങ്കേതികവിദ്യയും രാജ്യത്തിനകത്ത് ഒരുക്കിയ സുരക്ഷിത താവളങ്ങളും ഉപയോഗിച്ചുവെന്നും കൊലപാതകങ്ങള്‍ക്ക് സാധാരണക്കാരെ ഉള്‍പ്പെടെ നിയോഗിച്ചുവെന്നും  ധനസഹായം നല്‍കിയതായും ആരോപണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പാക് പൗരന്മാരായ മുഹമ്മദ് റിയാസ്, ഷാഹിദ് ലത്തീഫ് എന്നിവരെയാണ് ഇന്ത്യ കൊലപ്പെടുത്തിയത്. റിയാസിനെ സെപ്തംബറില്‍ റാവലക്കോട്ടിലെ പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനിടെയും ഒക്ടോബറില്‍ ഷാഹിദ് ലത്തീഫിനെ സിയാല്‍കോട്ടിലെ പള്ളിക്കു പുറത്തും വെടിവെച്ചു കൊല്ലുകയായിരുന്നു. രണ്ട് കൊലപാതകങ്ങളിലും ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന തെളിവുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടെന്ന് ഖാസി പറഞ്ഞു. പാകിസ്ഥാന്‍ മണ്ണില്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത രണ്ട് ഇന്ത്യന്‍ ഏജന്റുമാരുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും പാകിസ്താന്‍ പറഞ്ഞു. 

നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാരെ ബന്ധപ്പെടുത്തുന്ന വിശ്വസനീയമായ വിവരങ്ങള്‍ ഉണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ഇതിനെ ഇന്ത്യ അസംബന്ധമെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ പന്നൂനെ വധിക്കാന്‍ ഇന്ത്യ ശ്രമിച്ചു എന്ന ആരോപണവുമായി അമേരിക്ക രംഗത്തെത്തിയപ്പോള്‍ അന്വേഷിക്കാമെന്നായിരുന്നു ഇന്ത്യയുടെ മറുപടി. 

റിയാസിന്റെ കൊലപാതകത്തിന് പിന്നിലെ പ്രതിയെന്ന് കരുതിയയാള്‍ പിടിയിലായപ്പോള്‍ രണ്ട് ഇന്ത്യന്‍ ഏജന്റുമാരാണ് തന്നെ റിക്രൂട്ട് ചെയ്തതെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്. അതോടൊപ്പം ലത്തീഫിന്റെ കൊലപാതവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മൂന്നാമതൊരു രാജ്യം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഏജന്റാണ് കൊലപാകത പദ്ധതിയിട്ടതെന്ന് കണ്ടെത്തിയിട്ടുമുണ്ട്. 

പല രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അത്യാധുനിക അന്താരാഷ്ട്ര സജ്ജീകരണം ഉപയോഗിച്ച് ഇന്ത്യന്‍ ഇന്റലിജന്‍സാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും കൊലപാതകങ്ങള്‍ നടത്താന്‍ പാകിസ്ഥാനിലും പുറത്തും സാമ്പത്തിക സഹായികള്‍, ലൊക്കേറ്റര്‍മാര്‍, കൊലയാളികള്‍ തുടങ്ങിയവരെ നിയമിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചുവെന്നും ഖാസി പറഞ്ഞു.

Latest News