Sorry, you need to enable JavaScript to visit this website.

സൗദിയിൽ ലക്ഷ്വറി ട്രെയിൻ സർവീസ് ആരംഭിക്കുന്നു

ഡ്രീം ഓഫ് ദി ഡെസേർട്ട് എന്ന് പേരിട്ട പുതിയ ലക്ഷ്വറി ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള കരാറിൽ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രിയും സൗദി അറേബ്യ റെയിൽവെയ്‌സ് ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ എൻജിനീയർ സ്വാലിഹ് അൽ ജാസിറിന്റെ സാന്നിധ്യത്തിൽ ഒപ്പുവെച്ച ശേഷം സൗദി അറേബ്യ റെയിൽവെയ്‌സ് സി.ഇ.ഒ ബശാർ അൽമാലികും ആഴ്‌സണലിലെ ഗ്രൂപ്പ് ചെയർമാൻ പൗലോ ബാർലെറ്റയും ഹസ്തദാനം ചെയ്യുന്നു. 

റിയാദ്- സൗദിയിൽ അത്യാഡംബര ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. ഇതിനുള്ള കരാറിൽ സൗദി അറേബ്യൻ റെയിൽവെയ്‌സും ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, ഇന്റർനാഷണൽ ഹോട്ടൽ ആന്റ് റിസോർട്ട് മാനേജ്‌മെന്റ്, ലക്ഷ്വറി യാത്ര, ആഡംബര ട്രെയിൻ സർവീസ് മാനേജ്‌മെന്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇറ്റലിയിലെ ആഴ്‌സണലെ ഗ്രൂപ്പും 
ഒപ്പുവെച്ചു. 
ഡ്രീം ഓഫ് ദി ഡെസേർട്ട് എന്ന് പേരിട്ട പുതിയ ലക്ഷ്വറി ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള കരാറിൽ സൗദി അറേബ്യ റെയിൽവെയ്‌സ് സി.ഇ.ഒ ബശാർ അൽമാലികും ആഴ്‌സണലിലെ ഗ്രൂപ്പ് ചെയർമാൻ പൗലോ ബാർലെറ്റയുമാണ് ഒപ്പുവെച്ചത്. ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രിയും സൗദി അറേബ്യ റെയിൽവെയ്‌സ് ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ എൻജിനീയർ സ്വാലിഹ് അൽ ജാസിറിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. സൗദി അറേബ്യ റെയിൽവെയ്‌സും ആഴ്‌സണലെ ഗ്രൂപ്പും 2023 മാർച്ച് 15 ന് ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് പുതിയ കരാർ ഒപ്പുവെച്ചത്. 


ഡ്രീം ഓഫ് ദി ഡെസേർട്ട് ട്രെയിൻ മാതൃക.

ഉത്തരാഫ്രിക്കയിലും മധ്യപൗരസ്ത്യ ദേശത്തും ആദ്യമായി സൗദിയിലാണ് ലക്ഷ്വറി ട്രെയിൻ സർവീസ് ആരംഭിക്കുന്നതെന്ന് എൻജിനീയർ സ്വാലിഹ് അൽ ജാസിർ പറഞ്ഞു. ഇത് സൗദിയിലെ ഗതാഗത ശൈലികളിലേക്ക് ഗുണനിലവാരമുള്ള സേവനങ്ങളും അധിക ഓപ്ഷനുകളും കൂട്ടിച്ചേർക്കും. ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് തന്ത്രത്തിന്റെ സംരംഭങ്ങളിൽ ഒന്നാണ് ഈ കരാർ എന്നും മന്ത്രി പറഞ്ഞു. 


ഡ്രീം ഓഫ് ദി ഡെസേർട്ട് ട്രെയിനുകളുടെ നിർമാണത്തിന്റെ ആദ്യ ഘട്ടങ്ങൾ ഇതിനകം ഇറ്റലിയിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൗലോ ബാർലെറ്റ പറഞ്ഞു. 40 ആഡംബര കാബിനുകൾ അടങ്ങുന്ന ഡ്രീം ഓഫ് ദി ഡെസേർട്ട് ട്രെയിൻ സർവീസുകളിൽ ഈ വർഷാസാവനത്തോടെ റിസർവേഷൻ ആരംഭിക്കും. അടുത്ത കൊല്ലം അവസാന പാദത്തിലാണ് ട്രെയിൻ സർവീസ് ആരംഭിക്കുക. റിയാദിൽ നിന്ന് ഹായിൽ വഴി ഉത്തര സൗദിയിലെ ഖുറയ്യാത്തിലേക്കാണ് ട്രെയിൻ ആദ്യ സർവീസ് നടത്തുക.

Latest News