Sorry, you need to enable JavaScript to visit this website.

നിയമസഭയിലെ ഗവർണറുടെ പ്രകടനം കേരളത്തിന് അപമാനം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം - നിയമസഭയിൽ നയപ്രഖ്യാപന വേളയിൽ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാണിച്ചു കൂട്ടിയ നടപടികൾ ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 

ആർ.എസ്.എസ്-ബി.ജെ.പി ദാസ്യപ്രകടനം നിയമസഭയിലേക്ക് വലിച്ചിഴക്കുന്ന ഗവർണറുടെ നടപടി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ മുഴുവൻ ജനപ്രതിനിധികളോടുമുള്ള വെല്ലുവിളിയാണ്. സഭയ്ക്ക് പുറത്ത് തുടർന്നിരുന്ന രാഷ്ട്രീയ പ്രേരിത അവഹേളനങ്ങൾ സഭയ്ക്കകത്തേക്ക് വലിച്ചിഴച്ച ഗവർണർ മനഃപൂർവം കൂടുതൽ പ്രകോപനങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്. ഭരണഘടനാപരമായ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ട് കോപ്രായങ്ങളും ബാലിശമായ കാട്ടിക്കൂട്ടലുകളും നടത്തി ജനാധിപത്യത്തെ തന്നെ അപമാനിക്കാനാണ് ഗവർണർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സംഘ്പരിവാറിനെ അധികാരത്തിൽ നിന്ന് സമ്പൂർണ്ണമായും അകറ്റി നിറുത്തുക എന്ന കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തോടുള്ള പക തീർക്കാൻ ബി.ജെ.പി നിയമിച്ച ഒറ്റയാൾ പട്ടാളത്തിന്റെ തലത്തിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ അധഃപതിച്ചിരിക്കുകയാണ്. ഗവർണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണം.

അതേ സമയം തന്നെ, കേന്ദ്ര സർക്കാരിന്റെ ഫെഡറൽ വിരുദ്ധ നടപടികൾക്കെതിരെ കൃത്യതയുള്ള നിലപാട് പറയുന്നതിൽ നയപ്രഖ്യാപനം പരാജയപ്പെട്ടു. കേന്ദ്ര അവഗണനയ്‌ക്കെതിരെ സമരം പ്രഖ്യാപിച്ച സമയത്ത് പോലും ഭരണ  നിർവഹണ നയത്തിൽ കൂടുതൽ ശക്തമായ നിലപാട് എടുക്കാൻ ഇടത് സർക്കാറിന് കഴിയാറില്ല എന്നതാണ് നയപ്രഖ്യാപനം നൽകുന്ന സൂചന. വിലക്കയറ്റം, തൊഴിലില്ലായ്മ അടക്കം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാനുള്ള നയസമീപനങ്ങളും സർക്കാരിനില്ല. വസ്തുനിഷ്ഠമായ കണക്കുകൾ ഇല്ലാതെ വാഗ്ദാനങ്ങൾ പാലിച്ചു എന്ന  അവകാശവാദങ്ങൾ മാത്രമാണ് നയപ്രഖ്യാപനത്തിലുള്ളതെന്ന് റസാഖ് പാലേരി പറഞ്ഞു. 

Latest News