ന്യൂദല്‍ഹി- ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന് പാശ്ചാത്യ ജനാധിപത്യ സങ്കല്‍പ്പത്തേക്കാള്‍ പഴക്കമുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്നും രാഷ്ട്രപതി പറഞ്ഞു. അമൃത് കാലിന്റെ ആദ്യ വര്‍ഷങ്ങളിലാണ് ഇന്ത്യയെന്നും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള സുവര്‍ണാവസരമാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
അമൃത് കാലിന്റെ കാലഘട്ടം അഭൂതപൂര്‍വമായ സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടമായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. ഭാവിയില്‍ ആശങ്കാജനകമായ നിരവധി മേഖലകളുണ്ട്. പക്ഷേ ആവേശകരമായ അവസരങ്ങളും ഉണ്ട്. യുവാക്കളുടെ പാതയില്‍ നിന്നും തടസ്സങ്ങള്‍ നീക്കാനും മുഴുവന്‍ കഴിവുകളും തെളിയിക്കാനും ആവുന്നതെല്ലാം ചെയ്യേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.






