വീട്ടുകാരെ മയക്കി സ്വര്‍ണവും പണവും മോഷ്ടിച്ച നേപ്പാള്‍ സ്വദേശി കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം- വീട്ടുകാരെ മയക്കി കവര്‍ച്ച നടത്തിയ കേസിലെ പ്രതി കോടതിയില്‍ കുഴഞ്ഞു വീണു മരിച്ചു. നേപ്പാള്‍ സ്വദേശി രാംകുമാര്‍ (48) ആണ് മരിച്ചത്. 

വര്‍ക്കലയില്‍ നിന്നാണ് അയിരൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വര്‍ക്കല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിനിടെ് കുഴഞ്ഞു വീഴുകയായിരുന്നു.  ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നേപ്പാള്‍ സ്വദേശിയായ ജോലിക്കാരിയുടെ ഒത്താശയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ രാംകുമാറും സംഘവും മോഷണം നടത്തുകയായിരുന്നു. ശ്രീദേവിയമ്മ, മരുമകള്‍ ദീപ, ഹോം നഴ്‌സ് സിന്ധു എന്നിവരെ ഭക്ഷണത്തില്‍ മയക്കുമരുന്നു ചേര്‍ത്ത് മയക്കിക്കിടത്തി സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. 

ശ്രീദേവിയമ്മയുടെ മകന്‍ ബംഗളൂരുവില്‍ നിന്നും ഭാര്യ ദീപയെ ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍ക്കാരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയായിരുന്നു. വീട്ടില്‍ നിന്നും അപരിചിതര്‍ ഇറങ്ങിയോടുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടിനകത്തു നിന്നും സ്വര്‍ണവും പണവുമായി രാംകുമാറിനെ കണ്ടെത്തുകയായിരുന്നു. ഇയാളോടൊപ്പം മൂന്ന് സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇവരെ പിടികൂടാനായിട്ടില്ല.

Latest News