ഗാസയ്ക്കുള്ളില്‍ ബഫര്‍ സോണ്‍ നിര്‍മിച്ച് ഇസ്രായേല്‍; എതിര്‍പ്പുമായി യു. എസ്

ടെല്‍ അവീവ്- സുരക്ഷാ മേഖലയെന്ന പേരില്‍ ഗാസയ്ക്കുള്ളില്‍ ബഫര്‍സോണ്‍ നിര്‍മിച്ച് ഇസ്രായേല്‍. ഒരു കിലോമീറ്റര്‍ വിസ്തൃതിയിലാണ് ബഫര്‍സോണിന്റെ നിര്‍മാണം പുരോഗമിക്കുന്നതെന്ന് ദി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബുള്‍ഡോസര്‍ ഉപയോഗിച്ച് ഹരിത പ്രദേശങ്ങള്‍ ഉഴുതുമറിക്കുകയും നിര്‍മാണ മേഖലകള്‍ നിരപ്പാക്കുകയും ചെയ്താണ് നവംബര്‍ മുതല്‍ ബഫര്‍സോണിന്റെ നിര്‍മാണം നടക്കുന്നത്. നേരത്തെ കൃഷി ചെയ്തിരുന്ന മേഖലയെയാണ് തകര്‍ത്ത് ഇസ്രായേലിന്റെ സൈനിക മേഖലയാക്കി മാറ്റിയത്. 

ഇസ്രായേല്‍ നടത്തുന്ന അനധികൃത പദ്ധതികള്‍ക്കെതിരെ യു. എസ് കടുത്ത നിരാശയാണ് പ്രകടിപ്പിച്ചത്. ഇസ്രായേലിന്റെ പല പദ്ധതികളും അമേരിക്ക എതിര്‍ക്കുകയും നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബഫര്‍ സോണ്‍ നിര്‍മാണം കൂടുതല്‍ നിരാശയാണ് യു. എസിനുണ്ടായതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. 

യുദ്ധം അവസാനിച്ചാല്‍ ഫലസ്തീന്‍ പുനര്‍ നിര്‍മാണത്തിന് സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ബഫര്‍ സോണ്‍ നിര്‍മാണമെന്നാണ് യു. എസിന്റെ കാഴ്ചപ്പാട്. ഇസ്രായേലിന്റെ ബഫര്‍ സോണ്‍ നിര്‍മാണം ഭാവിയില്‍ ഗാസയുടെ വിവിധ ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തിനുള്ള സൂചനയാണെന്ന ആശങ്കയാണ് ഫലസ്തീനികള്‍ക്കുള്ളത്. 

കഴിഞ്ഞ ദിവസം ബഫര്‍ സോണ്‍ നിര്‍മാണത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കാനുള്ള ശ്രമം നടത്തവെയാണ് 21 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടത്. യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേല്‍ നീക്കത്തെ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചത്. എന്നാല്‍ പദ്ധതി നിര്‍ത്തിവെക്കാന്‍ നെതന്യാഹു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു. എസിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 

Latest News