Sorry, you need to enable JavaScript to visit this website.

'ചട്ടപ്രകാരം ആദ്യവും അവസാനവും വായിച്ചാൽ മതി, ഏറ്റുമുട്ടൽ വേണ്ട'; ഗവർണറുടെ നയ പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം - ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി. ഗവർണർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും അതെന്താണെന്ന് നമുക്ക് അറിയില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
 ഏറ്റുമുട്ടൽ വേണ്ടെന്നും ഗവർണർ പ്രസംഗിച്ചതിനെ അനുകൂലമായി കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം ഇന്ന് ഒരു മിനിറ്റ് കൊണ്ടാണ് ഗവർണർ അവസാനിപ്പിച്ചത്. 
 മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ ഷംസീറിന്റെയും നേതൃത്വത്തിലാണ് ഗവർണറെ നിയമസഭയിലേക്ക് സ്വീകരിച്ചത്. മുഖ്യമന്ത്രി ബൊക്ക നൽകിയെങ്കിലും മുഖത്ത് നോക്കാൻ പോലും ഗവർണർ കൂട്ടാക്കിയില്ല. സൗഹൃദഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവർണർ നയപ്രഖ്യാപന പ്രസംഗം ഒരു മിനുട്ടിൽ ഒതുക്കി സഭ വിടുകയായിരുന്നു. നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് യാത്രയാക്കിയത്. കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്പരം മിണ്ടാതെ, ഹസ്തദാനം നടത്താതെ, എന്തിനേറെ മുഖത്തുപോലും നോക്കാതെ പിരിഞ്ഞത് വാർത്തയായിരുന്നു. മാസങ്ങളായി സർക്കാറും ഗവർണറും തമ്മിലുള്ള പോര് തുടരുമ്പോഴും, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും നാളെ പൗരപ്രമുഖർക്ക് റിപ്പബ്ലിക്ദിന വിരുന്നൊരുക്കാൻ പിണറായി സർക്കാർ 20 ലക്ഷം രൂപ രാജ്ഭവന് അനുവദിച്ചിട്ടുണ്ട്.

Latest News